kozhikode local

മെഡിക്കല്‍ കോളജില്‍ ടേര്‍ഷറി കാന്‍സര്‍ സെന്റര്‍ ഉടന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ടേര്‍ഷറി കാന്‍സര്‍ സെന്റര്‍ വരുന്നു. ടേര്‍ഷറി കാന്‍സര്‍ സെന്ററിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച 45 കോടിയില്‍ 24 കോടി ലഭിച്ചു. മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിക്കു സമീപമാണ് കാന്‍സര്‍ സെന്റര്‍ നിര്‍മിക്കുന്നത്. 15 കോടി കെട്ടിടം നിര്‍മിക്കുന്നതിനും 10 കോടി ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനുമാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. മെഡിക്കല്‍ കോളജ് ആസ്ഥാനമായി കാന്‍സര്‍ സെന്റര്‍ വേണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമര്‍പ്പിച്ച പദ്ധതിപ്രകാരമാണ് സെന്റര്‍ അനുവദിച്ചത്.

കെട്ടിടനിര്‍മാണ ചുമതല എച്ച്.എല്‍.എല്‍. എന്ന കമ്പനിക്കാണ്. അന്തിമ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. മൂന്നു മാസം കൊണ്ട് നിര്‍മാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രിന്‍സിപ്പല്‍, ചീഫ് എന്‍ജിനീയര്‍ സോളമന്‍ ഫെര്‍ണാണ്ടസ്, പ്ലാനിങ് എന്‍ജിനീയര്‍ പി ചന്ദ്രകുമാര്‍, ആര്‍ക്കിടെക്റ്റ് രാഗി എന്നിവരാണ് എച്ച്.എല്‍.എല്ലിനെ പ്രതിനിധീകരിച്ച് കാന്‍സര്‍ സെന്ററിന്റെ നിര്‍മാണച്ചുമതല വഹിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികള്‍ ചികില്‍സക്കെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ്. ഓരോ വര്‍ഷവും 5000 മുതല്‍ ആറായിരത്തോളമാളുകള്‍ ഇവിടെ എത്തുന്നു.

നേരത്തെ രണ്ടു യൂനിറ്റുകളാണ് ഉണ്ടായിരുന്നത്. രോഗികളുടെ ബാഹുല്യം മൂലം മൂന്നാക്കി. അതിസൂക്ഷ്മമായ കാന്‍സര്‍ കോശങ്ങളെ നിര്‍ണയിച്ച് ലീനിയര്‍ ആക്‌സലേറ്റര്‍ ഉപയോഗിച്ച് റേഡിയേഷന്‍ നല്‍കാനുള്ള അത്യാധുനികമായ ഹൈ എനര്‍ജിലീനിയേറ്റര്‍ സ്ഥാപിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ആശുപത്രയില്‍ കാന്‍സര്‍ രോഗികള്‍ സൗകര്യങ്ങളില്ലാതെ വലയുകയാണ്. മലപ്പുറം, വയനാട്, കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജാണ്. കാന്‍സര്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവും ജീവനക്കാരുടെ അഭാവവും രോഗികളെ വലയ്ക്കുന്നു. ടേര്‍ഷറി കാന്‍സര്‍സെന്റര്‍ പൂര്‍ത്തിയാകുന്നതോടെ മലബാറിലെ കാന്‍സര്‍ രോഗികളുടെ ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാവും.
Next Story

RELATED STORIES

Share it