kozhikode local

മെഡിക്കല്‍ കോളജില്‍ ജനറിക് മരുന്നു വിതരണം പ്രതിസന്ധിയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറിക് മരുന്ന് വിതരണം പ്രതിസന്ധിയില്‍. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാത്ത മെഡിക്കല്‍ കോളജില്‍ ചികില്‍സക്കെത്തുന്ന എല്ലാ രോഗികള്‍ക്കും ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിക്കുകയും ചെയ്തിരുന്നു.
അവ കൃത്യമായി രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.
സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലും, മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഫാര്‍മസിയുണ്ടെങ്കിലും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ ഇല്ല. കാര്‍ഡിയോളജി ന്യൂറോ സര്‍ജറി, നെഫ്രോളജി, ന്യൂറോ മെഡിസിന്‍, കാന്‍സര്‍ രോഗ വിഭാഗം, ജനറല്‍ സര്‍ജറി, മെഡിസിന്‍ വിഭാഗം തുടങ്ങിയ വിഭാഗത്തിലുള്ള രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. മരുന്നുകള്‍ രോഗികള്‍ക്ക് കൃത്യമായി എടുത്തു കൊടുക്കുന്നതിനും ആശുപത്രിയില്‍ സംവിധാനമില്ല. 1961 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. 2012 ലാണ് സൗജന്യ ജനറിക് മരുന്നുകള്‍ വിതരണം ആശുപത്രിയില്‍ നടപ്പിലാക്കിയത്.
952 ഇനം മരുന്നുകള്‍ മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ പല മരുന്നുകളും മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ല. മെഡിക്കല്‍ കോളജ് ന്യായവിലഷോപ്പിലുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് എഴുതിക്കൊടുക്കുന്നില്ലെന്ന് വ്യാപകമായ ആരോപണവുമുണ്ട്.
അടിയന്തര പ്രാധാന്യമുള്ള മരുന്നുകള്‍ ഒന്നും തന്നെ ന്യായവില ഷോപ്പിലുമില്ല. മെഡിക്കല്‍ കോളജ് ഡന്റല്‍ കോളജില്‍ ഫാര്‍മസിയില്ല. ഡന്റല്‍ കോളജ് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ക്ക് സ്വകാര്യ ഷോപ്പുകളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it