Kottayam Local

മെഡിക്കല്‍ കോളജിലെ എക്‌സ്‌റേ മെഷീന്‍ തകരാറില്‍

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന എക്‌സ്‌റേ യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ മെഷീനും തകരാറില്‍. ഇന്നലെ രാവിലെ എട്ടു മുതല്‍ ഒപി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും നൂറുകണക്കിന് രോഗികള്‍ ഉച്ചയ്ക്ക് 12 വരെ കാത്തിരുന്നിട്ടും എക്‌സ് റേ എടുക്കാന്‍ കഴിയാതെ മടങ്ങി. സൗജന്യ ചികില്‍സ പ്രതീക്ഷിച്ചെത്തിയവരാണ് നിരാശരായി മടങ്ങിയത്. അല്ലാത്തവര്‍ കനത്ത ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എക്‌സ്‌റേ എടുത്തു. അത്യാഹിത വിഭാഗത്തില്‍ എത്തിയ ഗുരുതരമായ രോഗികളെ മാത്രം ഡിജിറ്റല്‍ എക്‌സ്‌റേ എടുത്ത് നല്‍കിയെങ്കിലും വാര്‍ഡില്‍ കഴിയുന്ന എക്‌സ്‌റേ ആവശ്യമുള്ള ഒരു രോഗിക്കും എക്‌സ്‌റേ എടുക്കാന്‍ കഴിഞ്ഞില്ല. എക്‌സ്‌റേ എടുക്കാന്‍ കഴിയാത്തതിനാല്‍ ചികില്‍സ വൈകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഒരു എക്‌സ്‌റേ യൂനിറ്റും, ഡിപാര്‍ട്ടുമെന്റില്‍ ഡിജിറ്റല്‍ എക്‌സ്‌റേ ഉള്‍പ്പെടെ രണ്ടു യൂനിറ്റാണ് പ്രവര്‍ത്തിക്കുന്നത്.
അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മിഷ്യന്‍ തകരാറിലായിട്ട് മൂന്നു മാസം കഴിഞ്ഞു. അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ വലയുന്നു. ചില രോഗികള്‍ക്കു മാത്രമേ ഡിജിറ്റല്‍ എക്‌സ്‌റേക്കു ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുള്ളൂ. അതിനാല്‍ ഭൂരിപക്ഷം രോഗികളും സാധാരണ എക്‌സ്‌റേയാണ് എടുക്കുന്നത്. എന്നാല്‍ ഡിപാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ മെഷീനും തകരാറിലായതോടെ എക്‌സ്‌റേ എടുക്കാന്‍ കഴിയാതെ രോഗികള്‍ വലയുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ മെഷീന്‍ കാലപ്പഴക്കം ചെന്നതിനാല്‍ പുതിയ മെഷീന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it