malappuram local

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ: 16ാം റാങ്ക് നേടിയ ഫവാസ് നാടിന് അഭിമാനമായി

മേലാറ്റൂര്‍: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 16ാം റാങ്ക് നേടിയ ചെമ്മാണിയോട് കൊല്ലാരന്‍ ഫവാസ് നാടിനു അഭിമാനമായി. ഉച്ചാരക്കടവിലെ ടാക്‌സി ഡ്രൈവര്‍ അബ്ദുല്ലയുടേയും സുബൈദയുടേയും നാലുമക്കളില്‍ മൂന്നാമത്തെ മകനായ ഫവാസ് പ്ലസ്ടുവിന് ശേഷം പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററില്‍ ഒരു വര്‍ഷത്തെ പരിശീലനത്തനു ശേഷമാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്.
വെള്ളിയഞ്ചേരി എഎസ്എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും മുഴുവന്‍ മാര്‍ക്കും നേടിയാണ് പ്ലസ്ടു പാസായത്. 960ല്‍ 935 മാര്‍ക്ക് നേടിയാണ് ഫവാസ് മെഡിക്കല്‍ എന്‍ട്രന്‍സ് 16ാം റാങ്ക് നേടിയത്. ഫവാസിന്റെ മൂത്ത ജേഷ്ടന്‍ സബീല്‍ വേങ്ങൂര്‍ എംഇഎ എന്‍ജിനിയറിങ് കോളജില്‍ അധ്യാപകനാണ്. മറ്റൊരു സഹോദരന്‍ ഫൈസല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുന്നു.
ഏക സഹോദരി ഫസീല ഇത്തവണ മേലാറ്റൂര്‍ ആര്‍എം ഹൈസ്‌കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി എസ്എസ്എല്‍സി പാസായിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കണമെന്നാണ് ഫവാസിന്റെ ആഗ്രഹം. ഉന്നത വിജയം നേടിയ ഫവാസിനെ നിയുക്ത എംഎല്‍എ മഞ്ഞളാംകുഴി അലി അടക്കമുള്ളവര്‍ ടെലഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.
Next Story

RELATED STORIES

Share it