Second edit

മെക്കോങ് പ്രതിസന്ധി

പട്ടിണികിടക്കേണ്ടെങ്കില്‍ മെക്കോങ് തീരത്തേക്ക് ചെല്ലൂ എന്ന് വിയറ്റ്‌നാമില്‍ ഒരു ചൊല്ലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നദീതട വ്യവസ്ഥകളില്‍പ്പെടും മെക്കോങ്. തിബത്തില്‍നിന്ന് ഉദ്ഭവിച്ച് ചൈന, ലാവോസ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കംപോഡിയ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോവുന്ന മഹാനദിയെ ആശ്രയിച്ച് ജനകോടികള്‍ ജീവിക്കുന്നു. നെല്‍കൃഷിയും മല്‍സ്യബന്ധനവുമാണ് മുഖ്യ തൊഴില്‍. വിനോദസഞ്ചാരം അതിനു പുറമേ.
എന്നാല്‍, മെക്കോങിന്റെ മേലുള്ള സമര്‍ദ്ദം കൂടിവരുകയാണ്. ജലവൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നദിയില്‍ അണക്കെട്ട് പണിയാന്‍ എല്ലാ രാജ്യങ്ങള്‍ക്കും തിരക്ക്. ചൈനയാണ് ഇതിനു മുമ്പില്‍. 15 അണക്കെട്ടുകള്‍ നിര്‍മിക്കാനാണ് ചൈന ഉദ്ദേശിക്കുന്നത്. അതില്‍ അഞ്ചെണ്ണം വൈദ്യുതി ഉല്‍പാദിപ്പിച്ചുതുടങ്ങി. ലാവോസ് വൈദ്യുതി തായ്‌ലന്‍ഡിന് വിറ്റ് നാലുകാശുണ്ടാക്കാമെന്നാണു കരുതുന്നത്. പരിസ്ഥിതിപ്രസ്ഥാനങ്ങളില്‍നിന്നും വിയറ്റ്‌നാം, കംപോഡിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും എതിര്‍പ്പുണ്ടെങ്കിലും ലാവോസ് മുമ്പോട്ടുപോവുന്നു. കംപോഡിയക്കും അണക്കെട്ട് നിര്‍മിക്കണമെന്നുണ്ട്.
ആഗോളതാപനം തടയുന്നതില്‍ അണക്കെട്ടുകള്‍ ഉപകരിക്കുമെന്നു ധാരണയുണ്ടെങ്കിലും അവയുണ്ടാക്കുന്ന അനര്‍ഥങ്ങള്‍ വ്യാപകമാണെന്നാണു വിലയിരുത്തല്‍. കൃഷിയെയും മല്‍സ്യസമ്പത്തിനെയും അവ ബാധിക്കുന്നു. പുനരധിവാസത്തിന്റെ ചെലവ് ഭീമമാണ്. മെക്കോങിന്റെ കാര്യത്തിലാണെങ്കില്‍ ഇതു നിസ്സാരമല്ല. ലോകത്തില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന അരിയുടെ 15 ശതമാനം ആ നദീതീരത്തുനിന്നാണു വരുന്നത്. 2500ലധികം ജീവിവര്‍ഗങ്ങളും 20,000ത്തിലധികം സസ്യങ്ങളും നദിയെ ആശ്രയിക്കുന്നു. ലോകത്തിലെ ശുദ്ധജലമല്‍സ്യങ്ങളില്‍ കാല്‍ഭാഗം വരുന്നതും മെക്കോങില്‍ നിന്നുതന്നെ.
Next Story

RELATED STORIES

Share it