Idukki local

മൃതശരീരത്തെ അപമാനിക്കാന്‍ ശ്രമം: മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പോലിസ് മേധാവി

അടിമാലി: അജ്ഞാത മൃതശരീരത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഇടുക്കി ജില്ലാ പോലിസ് മേധാവി കെ വി ജോസഫ് ഉത്തരവിട്ടു. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അടിമാലി എസ്‌ഐയുടെ ഭാഗത്തെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ സിഐ സജി മാര്‍ക്കോസിനെ ചുമതലപ്പെടുത്തി.
കൂടാതെ ഇന്റലിജന്‍സ് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി എജി ലാല്‍ ലോക്കല്‍ പോലിസിന്റെ വീഴ്ച സംബന്ധിച്ച് വകുപ്പുതല അന്വേഷണവും തുടങ്ങി. അജ്ഞാത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനും മറവു ചെയ്യുന്നതിനും പോലിസിനു ഫണ്ടില്ലെന്നാരോപിച്ച് അടിമാലി പോലിസ് അജ്ഞാത ജഡവുമായി അടിമാലി പഞ്ചായത്ത് ഓഫിസില്‍ എത്തിയ നടപടി വിവാദമായിരുന്നു.
മൃതദേഹത്തിന്റെ പോസ്റ്റുമാര്‍ട്ടം കഴിയുന്നതു വരേയുള്ള പൂര്‍ണ ഉത്തരവാദിത്വം പോലിസിനാണെന്ന് എസ്പി കെ വി ജോസഫ് പറഞ്ഞു. അടിമാലി പോലിസിനു വീഴ്ച വന്നിട്ടുണ്ടോയെന്നു റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അറിയാനാവൂ എന്നും എസ്പി വ്യക്തമാക്കി. മൃതശരീരം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമാര്‍ട്ടം ഇന്നു നടത്തിയ ശേഷം ബന്ധുക്കളെത്തിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തിനു വിട്ടു നല്‍കും. ഏകദേശം 155 സെന്റീ മീറ്റര്‍ ഉയരം വരുന്ന പുരുഷന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടമാണ് അടിമാലി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരിസരത്തു നിന്ന് വനപാലകര്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it