മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹത : പിണറായി; കൊലയാളിക്കു വധശിക്ഷ വേണമെന്നു സുധീരന്‍

പെരുമ്പാവൂര്‍: ജിഷ വധം സംബന്ധിച്ച അന്വേഷണത്തില്‍ പോലിസിന് വീഴ്ചപറ്റിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം അവരുടെ വീട്ടില്‍ പോലും കൊണ്ടുവരാതെ തിടുക്കത്തില്‍ എന്തിനാണു ദഹിപ്പിച്ചത്? മൃതദേഹം ദഹിപ്പിക്കരുതെന്നു ജിഷയുടെ മാതാവ് ആവശ്യപ്പെട്ടിട്ടും ഇതു കേള്‍ക്കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുസംബന്ധിച്ച് സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനപാലനത്തില്‍ 2006 മുതല്‍ 2011 വരെ ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയ കേരളം ഇന്ന് ഏറ്റവും ഒടുവിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സാജു പോള്‍ എംഎല്‍എ—ക്കെതിരേ ജിഷയുടെ മാതാവ് പരാതിപറയുന്നുണ്ടെ—ന്നും ഇതു വലിയ പോരായ്മയല്ലേയെന്ന ചോദ്യത്തിന് ഇത്തരത്തില്‍ പോരായ്മ പരിശോധിക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
അവരുടെ വീടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണു പ്രധാനമായും പരാതി. ആ കുടുംബം എവിടെയാണോ താമസിക്കുന്നത് ആ പഞ്ചായത്താണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടത്. വാര്‍ഡ് മെംബറാണ് ഇക്കാര്യം ആദ്യം ശ്രദ്ധിക്കേണ്ടത്. ജിഷയുടെ കുടുംബം താമസിച്ചിരുന്ന വാര്‍ഡിലെ പഞ്ചായത്ത് മെംബര്‍ യുഡിഎഫിന്റെ ആളായിരുന്നു. എന്തുകൊണ്ട് അവര്‍ ശ്രദ്ധിച്ചില്ലെന്നത് ഒരു പ്രശ്‌നമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ജിഷയുടെ കൊലപാതകിക്ക് വധശിക്ഷ നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മാതാവ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു പോലൊരു അനുഭവം ഇനി ഒരു പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഉണ്ടാവാന്‍ പാടില്ല. കുറ്റവാളിയെ ഉടന്‍ കണ്ടെത്തണം. അതിനുള്ള നടപടികളുണ്ടാവണം. സാധാരണ വധശിക്ഷയെ അനുകൂലിക്കാത്തവര്‍ പോലും ഇത്ര ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ അനുകൂലിക്കുകയേയുള്ളൂ. ഇനിയൊരു സംഭവം ഇതുപോലെ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവം ഒരു രാഷ്ട്രീയ വിഷയമാക്കി എടുക്കരുതെന്നാണു തന്റെ അഭിപ്രായം. പൊതുസമൂഹം തന്നെ ജിഷയുടെ കൊലപാതകത്തില്‍ സമാധാനം പറയേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ള സങ്കുചിത താല്‍പര്യങ്ങളേക്കാള്‍ കുറ്റവാളിയെ കണ്ടെത്താനും അയാള്‍ക്കു പരമാവധി ശിക്ഷ വാങ്ങിനല്‍കാനുമുള്ള നടപടികളാണ് ഇനി വേണ്ടതെന്നും വി എം സുധീരന്‍ പറഞ്ഞു. ജിഷയുടെ കുടുബത്തിന്റെ പുനരധിവാസം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാവശ്യമായ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ഈ കുടുംബത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും വി എം സുധീരന്‍ പറഞ്ഞു.
മന്ത്രി എം കെ മുനീറും ഇന്നലെ ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പ്രാദേശിക ജനപ്രതിനിധിക്ക് വീഴ്ചപറ്റിയെന്നു മന്ത്രി എം കെ മുനീര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ പിടികൂടുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it