ernakulam local

മൂവാറ്റുപുഴയില്‍ പോരാട്ടം മുറുകി

സി എം അഷ്‌റഫ്

മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കിയതോടെ പോരാട്ടം മുറുകി. കാര്‍ഷികമേഖലയായ മൂവാറ്റുപുഴ അസംബ്ലി മണ്ഡലം ഐക്യജനാധിപത്യമുന്നണിയുടെ നെടുംകോട്ടകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
മണ്ഡലം രൂപീകൃതമായ 1957 മുതല്‍ 2011 വരെയുള്ള പതിന്നാല് തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാല്‍ മണ്ഡലത്തിന്റെ യുഡിഎഫ് ചായ്‌വ് വ്യക്തമാണ്. മൂന്നുതവണ മാത്രമാണ് ഇടതുമുന്നണിക്ക് വിജയക്കൊടി നാട്ടാനായത്. മണ്ഡലം രൂപീകൃതമായ 57 മുതല്‍ 65 വരെ നടന്ന മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യ മുന്നണിക്കായിരുന്നു വിജയം.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവു കൂടിയായ കെ എം ജോര്‍ജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ 57 ല്‍ ആദ്യവിജയം സ്വന്തമാക്കി. 60 ലും വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് രൂപീകൃതമായ 65 ല്‍ ഇതേപാര്‍ട്ടിയിലെ എം ടി പത്രോസിനായിരുന്നു വിജയം. 1967ലാണ് ഇടതുമുന്നണി ആദ്യമായി മണ്ഡലത്തില്‍ വിജയിക്കുന്നത്.
കേരളകോണ്‍ഗ്രസിലെ കെ സി പൈലിയെ 5933 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐലെ പി സി എബ്രാഹം വിജയകിരീടം ചൂടി. 70 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പെണ്ണമ്മ ജേക്കബിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന് 77 ലും 80 ലും 82ലും വിജയം യുഡിഎഫിന് ഒപ്പമായിരുന്നു. എന്നാല്‍ 1987 ലെ തിരഞ്ഞെടുപ്പില്‍ സിപിഐലെ ഡോക്ടര്‍ എ വിഐസക് യുഡിഎഫില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ജോണി നെല്ലൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് വിജയകൊടി പാറിച്ചു. 2006 ല്‍ ജോണി നെല്ലൂരിനെ തോല്‍പ്പിച്ച് സിപിഐലെ ബാബുപോള്‍ മണ്ഡലത്തിലെ പ്രതിനിധിയായെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാബുപോളിനെ പരാജയപ്പെടുത്തി ജോസഫ് വാഴയ്ക്കനിലൂടെ യുഡിഎഫ് മണ്ഡലം വീണ്ടെടുത്തു. ഇത് മൂവാറ്റുപുഴയുടെ പഴയ ചരിത്രം.
വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസുകളുടെ തട്ടകമായ ഇവിടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ അടുത്തിടെയുണ്ടായ പിളര്‍പ്പ് എങ്ങനെ പ്രതിഫലിക്കുമെന്നതിനെ ആശ്രയിച്ചാവും ഇത്തവണത്തെ മുന്നണികളുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുക. കേരള കോണ്‍ഗ്രസ് (എം) ലെ പിളര്‍പ്പ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ഉറച്ച കോട്ടയില്‍ വിള്ളല്‍ വീഴാതെ കാക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് യുഡിഎഫിനുളളത്. ഇക്കുറിയും മികച്ച പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത് എന്നതില്‍ സംശയമില്ല. സിറ്റിങ് എംഎല്‍എ ജോസഫ് വാഴയ്ക്കനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പതിവുപോലെ ഇടതുമുന്നണി സിപിഐക്ക് നീക്കിവച്ച സീറ്റില്‍ മണ്ഡലം സെക്രട്ടറി എല്‍ദോ എബ്രഹാമാണ് സ്ഥാനാര്‍ഥി. ഇരുമുന്നണികളും മണ്ഡലത്തില്‍ വിജയപ്രതീഷ വച്ചുപുലര്‍ത്തുന്നുണ്ട്.
പരമ്പരാഗതമായി തങ്ങള്‍ ജയിച്ചുവരുന്ന മണ്ഡലം എന്നതാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ജനക്ഷേമ പരിപാടികള്‍ തുണയാവുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പും കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ ചില വിജയങ്ങളും അനുകൂലമാവുമെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാണിക്കുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയും പോത്താനിക്കാട് ഗ്രാമപ്പഞ്ചായത്തുമൊഴികെ മുഴുവന്‍ സ്ഥലങ്ങളും യുഡിഎഫ് ഭരണത്തിന്‍ കീഴിലായിരുന്നു. ഇപ്പോള്‍ പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, മാറാടി, വാളകം, ആവോലി, മൂവാറ്റുപുഴ നഗരസഭ തുടങ്ങിയവ ഇടതുഭരണത്തിന്റെ കീഴിലാണ്.
2010 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് 75,061 വോട്ടു ലഭിച്ചപ്പോള്‍ 59,452 വോട്ടുമാത്രമാണ് ഇടതുമുന്നണിക്ക് നേടാനായത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 58,102 വോട്ടും എല്‍ഡിഎഫിന് 52,849 വോട്ടും ലഭിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേടാനായത് 52,414 വോട്ടും എല്‍ഡിഎഫിന് 46,842 വോട്ടുമാണ്. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ടുവിഹിതം 64,373 ആയി ഉയര്‍ന്നു.
യുഡിഎഫിന് ലഭിച്ചതാവട്ടെ 62,131 വോട്ടും. 2010 ല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേവലം 1467 വോട്ട് മാത്രം ലഭിച്ച ബിജെപി അഞ്ച് വര്‍ഷം കൊണ്ട് അവരുടെ വോട്ട് 10,544 ആയി ഉയര്‍ത്തി. കണക്കുകളും അവകാശവാദങ്ങളും നിലനില്‍ക്കുമ്പോഴും ഇക്കുറി മണ്ഡലത്തില്‍ വാശിയേറിയ മല്‍സരം തന്നെ നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുമൊപ്പം കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളും സജീവ ചര്‍ച്ചയാകുന്നു. മുന്നണികളിലേയും പാര്‍ട്ടികളിലേയും അന്തഛിദ്രവും അടിയൊഴുക്കുകളും തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കും.
എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐയുടെ ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൊയ്തീന്‍കുഞ്ഞ് എംഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായത്.
പോപുലര്‍ഫ്രണ്ട് ജില്ലാസെക്രട്ടറി, യുഎപിഎ വിരുദ്ധ സമരസമിതിയുടെ മധ്യകേരള കോ-ഓഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടി ശക്തമായ പ്രചരണമാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടക്കുന്നത്. ബിജെപിയിലെ പി ജെ തോമസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പിഡിപി സ്ഥാനാര്‍ഥിയായി അബൂബക്കര്‍ തങ്ങളും മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it