Kottayam Local

മൂവാറ്റുപുഴയാര്‍ സംരക്ഷണം; സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിനെ സംരക്ഷിക്കാന്‍ ഏറെ പ്രതീക്ഷകളോടെ രൂപീകരിച്ച സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. മോന്‍സ് ജോസഫ് എംഎല്‍എ മുമ്പ് കോട്ടയത്തു നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയും ഇതിനെ തുടര്‍ന്ന് പുഴ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങിയതോടെ സമിതിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
മാലിന്യ നിക്ഷേപവും അനധികൃത മണലൂറ്റും കൈയേറ്റവുമാണ് പുഴ നേരിടുന്ന പ്രശ്‌നം. ഇതിനു പരിഹാരം ഉണ്ടാക്കുക, പുഴയുടെ തീരങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുക തുടങ്ങിയ പദ്ധതികളുമായാണ് സംരക്ഷണസമിതി രൂപീകരിച്ചത്. ആരംഭഘട്ടത്തില്‍ മികച്ചരീതിയിലുള്ള പ്രവര്‍ത്തനമാണ് എംഎല്‍എമാരായ മോന്‍സ് ജോസഫിന്റെയും കെ അജിത്തിന്റെയും കണ്‍വീനര്‍ ഇ എം കുഞ്ഞുമുഹമ്മദിന്റെയും നേതൃത്വത്തില്‍ നടന്നത്. ജനങ്ങളും ആവേശത്തോടെ പദ്ധതിയില്‍ പങ്കാളിയാവാന്‍ സജീവമായി രംഗത്തിറങ്ങി.
എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീടുണ്ടായത്. പുഴയുടെ സംരക്ഷണത്തിനു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സംവിധാനം നിശ്ചലമായി. മൂന്ന് ജില്ലകള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതില്‍ നിര്‍ണായക ശക്തിയാണ് മൂവാറ്റുപുഴയാര്‍. പുഴയുടെ സംരക്ഷണം ഇനിയും വൈകിയാല്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവര്‍ത്തനംപോലും അവതാളത്തിലാവും.
വൈക്കത്തിന്റെയും കടുത്തുരുത്തിയുടെയും ആലപ്പുഴ, ചേര്‍ത്തല മേഖലകളുടെയുമെല്ലാം കുടിവെളളം മൂവാറ്റുപുഴയാറില്‍ നിന്നാണ്.
വൈക്കം പരിധിയില്‍ വരുന്ന മൂവാറ്റുപുഴയാറിനു കുറുകെ എട്ട് പാലങ്ങളുണ്ട്. ഈ പാലങ്ങളില്‍ രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതും സജീവമാണ്.
Next Story

RELATED STORIES

Share it