kozhikode local

മൂരാട് പുതിയപാലത്തിനായുള്ള പ്രക്ഷോഭം ശക്തമാവുന്നു

പയ്യോളി: മൂരാട് പുതിയപാലം ഉടന്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1940ല്‍ ചരക്കുകൊണ്ടുപോകുന്നതിനും മറ്റും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന് 40 വര്‍ഷമായിരുന്നു മദ്രാസ് കണ്‍സ്ട്രക്ഷന്‍ കമ്പനി നല്‍കിയ ആയുസ്. ഇത് കഴിഞ്ഞ് 36 വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല. അഞ്ചു കൂറ്റന്‍ ഭീമുകളിലായാണ് പാലത്തിന്റെ സ്ലാബുകള്‍ ഉറപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ മുകളില്‍ ഇരുഭാഗങ്ങളിലായി എട്ട് ആര്‍ച്ചുകളുമുണ്ട്.
അടിത്തറ ഇളകി കൈവരികള്‍ക്ക് വിള്ളലുകള്‍ സംഭവിച്ച സ്ഥിതിയിലാണ് പഴയപാലം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപ്പണി നടത്തണമെന്നുള്ള വ്യവസ്ഥ കൃത്യമായി നടക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്ക് പാലത്തിനു താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. പത്ത് ടണ്‍ ഭാരം കയറ്റി ആറുചക്ര വാഹനങ്ങള്‍ക്കു പോകാന്‍ സൗകര്യമുള്ള പാലത്തിലൂടെ 20ഉം 24ഉം ചക്രമുള്ള ഭീമാകാരങ്ങളായ വാഹനങ്ങള്‍ കടന്നുപോവുന്നതിനാലാണ് അടിത്തറയ്ക്ക് ഇളക്കം സംഭവിച്ചത്. മൂരാടിന് ബദല്‍ പാലം വേണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
ദേശീയപാത വികസനം അനിവാര്യമായ ഘട്ടത്തില്‍ പാലത്തിനു കിഴക്ക് ഭാഗത്ത് പുതിയ പാലത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായ മൂരാടിന് ബദല്‍ പാലം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുതിയ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട് നടന്ന ബഹുജന കണ്‍വന്‍ഷന്‍ കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു അധ്യക്ഷത വഹിച്ചു. കെ എം ബാലകൃഷ്ണന്‍, പടന്നയില്‍ പ്രഭാകരന്‍, പി എം ഉഷ, വി ടി ഉഷ, പി എം വേണുഗോപാലന്‍, എന്‍ പത്മനാഭന്‍, എം സുരേന്ദ്രന്‍, കെ കെ രമേശന്‍, കെ ശശീന്ദ്രന്‍, എസ് അശോക്കുമാര്‍, കെ വി ജിതേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it