മൂന്ന് വര്‍ഷത്തിനിടയില്‍  1.14 ലക്ഷം കോടി എഴുതിത്തള്ളി

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടയില്‍ രാജ്യത്തെ 29 സര്‍ക്കാര്‍ ബാങ്കുകള്‍ ചേര്‍ന്ന് ആകെ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. അതിന് മുമ്പത്തെ ഒമ്പത് വര്‍ഷത്തിനിടയില്‍ എഴുതിത്തള്ളിയതിനെക്കാളും അധികമാണിത്.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് ആകെ 15,551 കോടിയാണെങ്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ (2014-15) ഇത് മൂന്നിരട്ടി വര്‍ധിച്ച് 52,542 കോടിയായി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം സമര്‍പ്പിച്ച ഒരു ആര്‍ടിഐ അപേക്ഷയ്ക്ക് മറുപടിയായി റിസര്‍വ് ബാങ്കാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്(ഐഒബി) എന്നിവയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കടങ്ങള്‍ എഴുതിത്തള്ളിയ ബാങ്കുകള്‍. 2014-15 സാമ്പത്തിക വര്‍ഷം മാത്രം പരിഗണിച്ചാലും ഈ ബാങ്കുകള്‍ തന്നെ മുന്നിട്ട് നില്‍ക്കുന്നു. 40,084 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടയില്‍ എഴുതിത്തള്ളിയത്. ഇതില്‍ 21,313 കോടി രൂപ 2014-15ല്‍ മാത്രം തള്ളി. 2012-13 വര്‍ഷത്തില്‍ ഇത് 5,594 കോടി രൂപയായിരുന്നു. 2014-15 വര്‍ഷത്തില്‍ മൊത്തം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കടത്തിന്റെ 40 ശതമാനവും തള്ളിയിരിക്കുന്നത് സ്റ്റേറ്റ്ബാങ്ക് തന്നെയാണ്. മറ്റ് 20 ബാങ്കുകള്‍ ആകെ തള്ളിയതിനെക്കാള്‍ അധികമാണിത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് പിഎന്‍ബി 9,531 കോടി രൂപ എഴുതിത്തള്ളിയപ്പോള്‍ ഐഒബി എഴുതിത്തള്ളിയത് 6,247 കോടി രൂപയായിരുന്നു. ബാങ്ക് ഔഫ് ഇന്ത്യ, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും കൂടുതല്‍ കടം എഴുതിത്തള്ളിയവയുടെ പട്ടികയിലുണ്ട്.
സര്‍ക്കാര്‍ ബാങ്കുകളില്‍ സ്‌റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും വേറിട്ടുനില്‍ക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു രൂപ പോലും ഈ ബാങ്കുകള്‍ക്ക് എഴുതിത്തള്ളേണ്ടി വന്നിട്ടില്ല.
Next Story

RELATED STORIES

Share it