മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടികള്‍ പിരിച്ചെടുത്തത് ~ 2355.35 കോടി

ന്യൂഡല്‍ഹി: മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കായി രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിരിച്ചെടുത്തത് 2355.35 കോടി രൂപ. 2004, 2009, 2014 വര്‍ങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്രയും തുക പിരിച്ചെടുത്തത്.
അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയാണ് ഇതു സംബന്ധിച്ച പഠന റിപോര്‍ട്ട് പുറത്തുവിട്ടത്. ഓരോ പാര്‍ട്ടികളും പിരിച്ചെടുത്ത തുകയുടെ കണക്കും ഇതൊടൊപ്പമുണ്ട്. ഇതില്‍ 1039.06 കോടി പണമായും 1299.53 കോടി ചെക്കായുമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്തുവിട്ട കണക്കുപ്രകാരം അവര്‍ സ്വരൂപിച്ച ഫണ്ട് 16.76 കോടി രൂപ മാത്രമാണ്.
2004 ജനുവരിക്കും 2015 ഡിസംബറിനും ഇടയില്‍ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പും 71 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളുമാണു നടന്നത്. 2008ല്‍ മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ഛത്തീസ്ഗഡ്, മിസോറാം എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നു. 2010ലാണ് ഏറ്റവും കുറവ് തിരഞ്ഞെടുപ്പു നടന്നത്. 2005നു ശേഷം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പാര്‍ട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2005ല്‍ നാല് നിയമസഭാ തിരഞ്ഞെടുപ്പില്‍ 65 പാര്‍ട്ടികള്‍ മല്‍സരിച്ചപ്പോള്‍ 2006ല്‍ അഞ്ച് അസംബ്ലി തിരഞ്ഞെടുപ്പില്‍ 82 പാര്‍ട്ടികള്‍ മല്‍സരിച്ചു.
2008ലെ 10 നിയമസഭാ തിരഞ്ഞെടുപ്പില്‍ 120 പാര്‍ട്ടികളാണു മല്‍സരിച്ചത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 പാര്‍ട്ടികള്‍ മല്‍സരിച്ചപ്പോള്‍ 2009ല്‍ 41 പാര്‍ട്ടികളാണു മല്‍സരിച്ചത്. 2014ല്‍ ഇത് 45 ആയി ഉയര്‍ന്നു. 2012ല്‍ നടന്ന 7 നിയമസഭാ തിരഞ്ഞെടുപ്പില്‍ 695.28 കോടിയാണ് 13 പാര്‍ട്ടികള്‍ ചേര്‍ന്നു സ്വരൂപിച്ചത്. ഇതില്‍ 370.45 കോടി പണമായിരുന്നു. ബാക്കി തുക ചെക്കായും സ്വരൂപിച്ചു. 2004 മുതല്‍ 2015 വരെയുള്ള 71 നിയമസഭാ തിരഞ്ഞെടുപ്പില്‍ 2107.80 കോടി പണമായും 1244.86 കോടി ചെക്കായും സ്വരൂപിച്ചു. എന്നാല്‍, 15.39 കോടിയുടെ കണക്കു മാത്രമാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതെന്നും റിപോര്‍ട്ട് പറയുന്നു.
സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, എഐഎഡിഎംകെ, ബിജെഡി, ശിരോമണി അകാലിദള്‍ എന്നീ അഞ്ച് പ്രാദേശിക പാര്‍ട്ടികള്‍ 267.14 കോടിയാണു സ്വരൂപിച്ചത്. ആകെ സ്വരൂപിച്ചതിന്റെ 62 ശതമാനമാണിത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ഓരോ മണ്ഡലത്തിലേക്കുമായി പിരിച്ച തുക ഇതിനു പുറമെ വരുമെന്നും റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it