മൂന്നു കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നു സൂചന; ശ്രീധരന്‍ നായരുടെ വീട്ടില്‍ പരിശോധന

പത്തനംതിട്ട: കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ ശ്രീധരന്‍ നായരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. മൂന്ന് കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.
സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് ശ്രീധരന്‍ നായര്‍. സോളാര്‍ തട്ടിപ്പിലെ വന്‍ ഇടപാടുകളിലൊന്നാണ് ശ്രീധരന്‍ നായരുമായി നടന്നത്. പാലക്കാട്ട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ ശ്രീധരന്‍ നായരില്‍ നിന്ന് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു കവര്‍ന്നു എന്നാണ് ശ്രീധരന്‍ നായരുടെ പരാതി. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തുക നലകിയതെന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയതോടെ വന്‍ വിവാദമായിരുന്നു. സോളാര്‍ ഇടപാടില്‍ വന്‍ തുകകള്‍ മുടക്കിയവരുടെ വരുമാനവും ആദായനികുതി അടവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ശ്രീധരന്‍ നായരുടെ വീട്ടില്‍ പരിശോധന നടന്നതെന്നാണ് ആദായനികുതി അധികൃതര്‍ പറയുന്നത്.
വരവ് ചെലവുകളുടെ പരിശോധനയിലാണ് മൂന്നുകോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയത്. ഒരുകോടി രൂപ നികുതിയായി അടയ്ക്കാമെന്ന് ശ്രീധരന്‍ നായര്‍ സമ്മതിച്ചിട്ടുണ്ട്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സാധാരണ വ്യവസായ സ്ഥാപനങ്ങളില്‍ നടക്കുന്നതുപോലെയുള്ള പരിശോധനയാണ് നടന്നതെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. 18 വര്‍ഷത്തിനു ശേഷം ആദ്യമായാണ് തന്റെ സ്ഥാപനത്തില്‍ ആദായനികുതി വകുപ്പുകാര്‍ പരിശോധനക്കെത്തിയതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it