kozhikode local

മൂന്നു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും വില്‍പ്പന നടത്തിയ ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഒഡീഷയിലെ ഗോപാല്‍പൂര്‍ സ്വദേശിയായ അശോക് പ്രധാനെ(41)യാണ് മെഡിക്കല്‍ കോളജിന്റെ ഗെയിറ്റിന് സമീപത്ത് നിന്ന് മൂന്നു കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെയും മെഡിക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ തോട്ടത്തിലിന്റെയും നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് എസ്‌ഐ ബി കെ സിജു അശോക് പ്രധാനെ അറസ്റ്റ് ചെയ്തത്. നാട്ടില്‍ പോവുകയാണെന്നു പറഞ്ഞ് ചെന്നൈയില്‍ പോയി അഞ്ച് കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നു 50ഗ്രാം പൊതികളാക്കി വില്‍ക്കുകയായിരുന്നു പ്രധാന്‍ ചെയ്തുകൊണ്ടിരുന്നത്. രണ്ടു കിലോഗ്രാം വിറ്റുതീര്‍ന്നിരുന്നു. പിടിക്കപ്പെടാതാരിക്കാന്‍ പ്രധാനമായും അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന നടന്നിരുന്നത്. വിദേശ മദ്യഷോപ്പുകള്‍ നിര്‍ത്തിയതിന് ശേഷവും ഹാന്‍സ് പോലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചശേഷവും അന്യസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് പോലിസ് വിലയിരുത്തുന്നത്. ഇത് മനസിലാക്കിയാണ് അശോക് പ്രധാന്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്. പൂവാട്ട് പറമ്പിലെ ഒരു സ്വകാര്യസ്റ്റീല്‍ കമ്പനിയില്‍ ജോലിയെടുത്തിരുന്ന ഇയാള്‍ ഇടക്കിടെ പുറത്തുപോയി കഞ്ചാവ് കൊണ്ടുവരുമായിരുന്നു. പ്രത്യേക ആന്റി നാര്‍കോട്ടിക്‌സ് ഗ്രൂപ്പ് രൂപീകരിച്ച ശേഷം ഇത് അഞ്ചാമത്തെ പ്രധാന മയക്കുമരുന്നു കേസാണെന്നു സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്‍ പറഞ്ഞു.
ഫറോഖില്‍ അഞ്ചര കിലോഗ്രാം കഞ്ചാവും കസബയില്‍ രണ്ടു കിലോഗ്രാം കഞ്ചാവും മെഡിക്കല്‍ കോളജില്‍ രണ്ടു തവണയായി 4 കിലോഗ്രാം കഞ്ചാവും 700 മയക്കുഗുളികകളും എലത്തൂരില്‍ 150 ഗ്രാം ഹഷീഷുമാണ് പിടിച്ചിരുന്നത്.
ജില്ലയിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തുന്നതിന്റെ തെളിവാണ് ഇതെന്നും ജോസി ചെറിയാന്‍ കൂട്ടിചേര്‍ത്തു. മയക്കുമരുന്നുകളെ കുറിച്ച് വിവരം ലഭിച്ചാല്‍ 9497963600 (ഷാഡോ പോലിസ്), 9497980717 (മെഡിക്കല്‍ കോളജ് എസ്‌ഐ) 9497980710 (കസബ എസ്‌ഐ) എന്നിവരുമായി ബന്ധപ്പെടാം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോലിസ് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.
പ്രത്യേക പഠനവും നടക്കുന്നുണ്ട്. ഇന്നലെ അശോക് പ്രധാനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിപിഒമാരായ ജദീര്‍, രാമകൃഷ്ണന്‍, ഷാഡോ പോലിസ് അംഗങ്ങളായ മുഹമ്മദ് ഷാഫി, എം സജി, അഖിലേഷ്, മനോജ്, ടി കെ സുനില്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it