മൂന്നാര്‍ സമരം വിജയം

കൊച്ചി: കേരളത്തിലെ തൊഴിലാളി സമരചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് മൂന്നാറിലെ തോട്ടംതൊഴിലാളി സ്ത്രീകള്‍ കഴിഞ്ഞ ഒമ്പതുദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ ഉന്നയിച്ച 20 ശതമാനം ബോണസ് എന്ന ആവശ്യം കമ്പനി അംഗീകരിച്ചു. ഇന്നലെ രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീതൊഴിലാളികളുടെ പ്രതിനിധികള്‍, കണ്ണന്‍ ദേവന്‍ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികള്‍, വിവിധ തൊഴിലാളി യൂനിയനുകള്‍ എന്നിവരുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം ഒത്തുതീര്‍ന്നത്.

8.33 ശതമാനം ബോണസായും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യ ആയുമാണ് നല്‍കുക. ശമ്പള വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ ഈ മാസം 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) ചര്‍ച്ചയില്‍ തീരുമാനിക്കും. യോഗത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുക്കും. 20 ശതമാനം ബോണസ് വേണമെന്ന തൊഴിലാളികളുടെ ആവശ്യത്തില്‍ കമ്പനി നിയമപരമായും സാമ്പത്തികപരമായുമുള്ള തടസ്സങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാരിന്റെ ആവശ്യത്തോട് അവര്‍ സഹകരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതുക്കിയ ബോണസ് ഈ മാസം 21ന് മുമ്പ് വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം 19 ശതമാനമായിരുന്നു ബോണസ് നല്‍കിയത്.

സര്‍ക്കാര്‍ ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ തങ്ങള്‍ അംഗീകരിക്കാമെന്നും പ്രത്യേക കേസായി 20 ശതമാനം ബോണസ്് പരിഗണിക്കാമെന്നും കമ്പനി അറിയിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. തോട്ടംതൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം അനേകവര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. വിഷയം ചര്‍ച്ചചെയ്യാന്‍ ഈ മാസം 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി വിളിച്ചുചേര്‍ക്കും. തൊഴില്‍മന്ത്രി യോഗത്തില്‍ പങ്കെടുക്കും. ഒപ്പം പ്ലാന്റേഷന്‍ ലേബര്‍ ആക്റ്റും ഫാക്ടറീസ് ആക്റ്റും ഇതിന്റെ നിയമാവലികളും കാര്യക്ഷമമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.

തൊഴിലാളികളുടെ ചികില്‍സാവശ്യത്തിന് നിലവില്‍ എക്‌സ്‌റേ സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌കാനിങ് സൗകര്യം കൂടി ലഭിക്കാന്‍ റൂളില്‍ മാറ്റംവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി നേരിട്ട് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതോടെയാണു സമരം അവസാനിപ്പിച്ചുള്ള തൊഴിലാളികളുടെ പ്രഖ്യാപനം ഉണ്ടായത്. തങ്ങള്‍ സന്തുഷ്ടരാണെന്നും തൊഴിലാളികളുടെ വിജയമാണുണ്ടായിരിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീതൊഴിലാളികളുടെ പ്രതിനിധികള്‍ പറഞ്ഞു. ട്രേഡ് യൂനിയനുകള്‍ക്കും ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്കുമുള്ള പാഠമാണിത്. ഇനിയുള്ള കാര്യങ്ങളില്‍ യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും തങ്ങള്‍ ആര്‍ക്കും എതിരല്ലെന്നും ആരോടും വിദ്വേഷമില്ലെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it