മൂന്നാര്‍ വീണ്ടും സമരത്തിലേക്ക്

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് രാപ്പകള്‍ സമരം നടത്താനാണ് പെമ്പിളൈ ഒരുമയുടെ തീരുമാനം. കണ്ണന്‍ ദേവന്‍ കമ്പനിക്ക് മുന്നില്‍ സമരം നടത്താന്‍ പാടില്ലെന്ന കോടതി ഉത്തരവുള്ളതിനാല്‍ കമ്പനിക്ക് മുന്നില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവ് മാനിക്കുന്നുവെന്നും പോലിസ് പറയുന്ന സ്ഥലത്ത് സമരം നടത്താമെന്നും സമരക്കാര്‍ അറിയിച്ചു. മുഴുവന്‍ സ്ത്രീ തൊഴിലാളികളോടും രാവിലെ പത്തുമണിക്ക് മൂന്നാര്‍ നഗരത്തിലെത്താന്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, കമ്പംമേട്ടിലേയും കുമളിയിലേയും ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന തൊഴിലാളികളെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂനിയന്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. തോട്ടം മേഖലയില്‍ വേതനവര്‍ദ്ധന നടപ്പാക്കാനാകില്ലെന്ന് ഉടമകളുടെ അസോസിയേഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. വ്യവസായത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നെതെന്ന് ഉടമകള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരും തോട്ടമുടമകളും ഒത്തുകളിക്കുകയാണെന്നും ഇതിനെതിരെ തൊഴിലാളികള്‍ ശക്തമായി രംഗത്ത് വരണമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it