Idukki local

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം ഇന്നു തുടങ്ങും

മൂന്നാര്‍: ജില്ലയുടെ ടൂറിസം മേഖലയില്‍ ത്വരിത വികസനത്തിനു വഴിയൊരുക്കുന്ന നാലരക്കോടി രൂപ മുടക്കി നിര്‍മിക്കുന്ന മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണം ഇന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ബജറ്റ് അക്കോമഡേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
മൂന്നാര്‍-ദേവികുളം റൂട്ടില്‍ ഗവണ്‍മെന്റ് കോളെജിനു സമീപം നിര്‍മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ദൃശ്യഭംഗിയാര്‍ന്ന ഉദ്യാനം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, കാഴ്ചകള്‍ ചുറ്റിനടന്നുകാണുന്നതിനുള്ള നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ലഘുഭക്ഷണശാല, ടോയ്‌ലറ്റുകള്‍, ആംഫി തിയേറ്റര്‍, ലാന്റ്‌സ്‌കേപ്പിങ്, കമനീയമായ പ്രവേശന കവാടം തുടങ്ങിയവ ഉള്‍പ്പെടുന്നു. എന്‍ട്രന്‍സ് ആര്‍ച്ച് വേ, വെല്‍കം ഫൗണ്ടന്‍, ട്രീ കോര്‍ട്ട്, റെയിന്‍ ഷെല്‍ട്ടര്‍, വാട്ടര്‍ കളക്ഷന്‍ പോണ്ട്, വ്യൂവിങ് ടവര്‍, പെര്‍ഗോള, സ്ട്രീറ്റ് ഫര്‍ണിച്ചര്‍ തുടങ്ങിയവ ഗാര്‍ഡന്റെ പ്രധാന പ്രത്യേകതകളാണ്. മധ്യകേരളത്തിലെ പ്രഥമ ബൊട്ടാണിക്കല്‍ ഗാര്‍ഡനായ ഇവിടെ ബാംബൂ ഗാര്‍ഡന്‍, ഫേണ്‍ ഗാര്‍ഡന്‍, മെഡിസിനല്‍ ഗാര്‍ഡന്‍, അരോമ ഗാര്‍ഡന്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ഹിബ്‌സ്‌കുസ് ഗാര്‍ഡന്‍, പാം ഗാര്‍ഡന്‍ തുടങ്ങിയവ ഉണ്ടാകും.
മൂന്നാര്‍ എഞ്ചിനീയറിംഗ് കോളജിന് സമീപം ഒരു കോടി രൂപ ചെലവിലാണ് മൂന്നാര്‍ ബഡ്ജറ്റ് അക്കോമഡേഷന്‍ മന്ദിരം പൂര്‍ത്തിയാക്കിയത്.രാവിലെ 9.30ന് മൂന്നാര്‍ പോസ്റ്റോഫിസ് ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഡി.റ്റി.പി.സി ചെയര്‍മാനും ജില്ലാകലക്ടറുമായ വി രതീശന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പുസ്വാമി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് കോര, ഡി.ടി.പി.സി സെക്രട്ടറി കെ വി ഫ്രാന്‍സിസ്, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it