Districts

മൂന്നാര്‍: ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലെന്ന്

കൊച്ചി: മൂന്നാറില്‍ തോട്ടംതൊഴിലാളികളുടെ ഉപരോധസമരം തുടരുന്നതു വിനോദസഞ്ചാര മേഖലയ്ക്കു കനത്ത തിരിച്ചടിയാവുമെന്നു കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി (കെ.ടി.എം) പ്രസിഡന്റ് എബ്രഹാം ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമരവും റോഡ് ഉപരോധവുംമൂലം വിനോദസഞ്ചാരികള്‍ ആശങ്കയിലാണ്. പൂജ അവധിക്കും ദീപാവലിക്കുമാണ് ഉത്തരേന്ത്യയില്‍ നിന്നും ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ തുടര്‍ച്ചയായ സമരംമൂലം മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ ആരംഭിച്ചത് ടൂറിസം മേഖലയുടെ സ്തംഭനത്തിനിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ ഉള്‍പ്പെടെയുള്ള തോട്ടംമേഖലകളില്‍ നടന്നുവരുന്ന റോഡ് ഉപരോധവും സഞ്ചാരികളെ തടയുന്നതും ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 15 ലക്ഷത്തോളം തൊഴിലാളികളെയും ടൂറിസത്തില്‍ മുതല്‍മുടക്കിയ സംരംഭകരെയും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന സ്ഥലവാസികളെയും എല്ലാത്തിലുമുപരി കേരളത്തിന്റെ ടൂറിസം സാധ്യതകളെയും ഇത്തരം സമരങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും എബ്രഹാം ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് സര്‍ക്കാരും സംരംഭകരും ചേര്‍ന്ന് ആഗോളതലത്തില്‍ പടുത്തുയര്‍ത്തിയ ടൂറിസം ബ്രാന്‍ഡ് തുടരെയുള്ള ഹര്‍ത്താലുകളും സമരങ്ങളുംമൂലം നഷ്ടപ്പെടും. അതിനാല്‍ തോട്ടം തൊഴിലാളികളുടെ സമരത്തിനു മാനുഷിക പരിഗണന നല്‍കി എത്രയുംവേഗം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണം. ഏറെനാളത്തെ പ്രയത്‌നഫലമായി രൂപപ്പെടുത്തിയ ടൂറിസം മേഖലയെ സംരക്ഷിക്കണമെന്നും വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലുകളില്‍ നിന്നും സമരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും എബ്രഹാം ജോര്‍ജ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it