മൂന്നാര്‍ ടാറ്റ ടീ എസ്റ്റേറ്റ് ബംഗ്ലാവ്: രൂപമാറ്റം വരുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ ടാറ്റാ ടീ കമ്പനിയുടെ കൈവശമുള്ള എസ്‌റ്റേറ്റ് ബംഗ്ലാവുകള്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും രൂപമാറ്റം വരുത്തുകയോ നാശനഷ്ടമുണ്ടാക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി. കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് പ്രകാരം കമ്പനിക്ക് തിരികെ കിട്ടിയ ഭൂമിയില്‍ വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി ബംഗ്ലാവുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ആകെ ഭൂമിയുടെ അഞ്ച് ശതമാനം വരെ സ്ഥലത്ത് ടൂറിസം പദ്ധതികളുടെ ഭാഗമായി ബംഗ്ലാവുകളും ഹോം സ്‌റ്റേകളും അനുവദിക്കാമെന്ന് ഭൂപരിഷ്‌കരണ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പറയുന്നുണ്ട്. എന്നാല്‍, ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഇവയുടെ പ്രവര്‍ത്തനത്തിന് നിയമപരമായ അനുമതി വാങ്ങിയിരിക്കണം.
അഞ്ച് ശതമാനം സ്ഥലത്ത് അനുമതിയോടെയാണ് എസ്‌റ്റേറ്റ് ബംഗ്ലാവുകളുടേയും ഹോം സ്‌റ്റേകളുടേയും പ്രവര്‍ത്തനം. അതിനാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകതയില്ലെന്നും സര്‍ക്കാരിന് ഇതില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ലാഭത്തിന് അര്‍ഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബംഗ്ലാവുകളുടെ പ്രവര്‍ത്തനം പാട്ടക്കരാര്‍ ലംഘനമാണെന്ന് ആരോപിച്ച് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഇവ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്ത ജില്ലാ കലക്ടറുടെയും പഞ്ചായത്തുകളുടേയും നടപടി ചോദ്യം ചെയ്ത് കണ്ണന്‍ദേവന്‍ കമ്പനി സമര്‍പ്പിച്ച ഹരജിയിലായിരുന്നു പ്രവര്‍ത്തനാനുമതി നല്‍കി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. 21 എസ്‌റ്റേറ്റ് ബംഗ്ലാവുകളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിയാണ് റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it