മൂന്നാമതും ഒന്നാം സ്ഥാനം; ഗുരുവിന്റെ വഴിയേ ക്രിസ്റ്റയും

തൃശൂര്‍: സംസ്ഥാന സിബിഎസ്ഇ കലോല്‍സവത്തിലെ മോഹിനിയാട്ട മല്‍സരത്തിനായി തൃശൂരിലേക്കു വണ്ടി കയറുമ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ക്രിസ്റ്റയോട് കോളജ് വിദ്യാര്‍ഥിനിയായ ഗുരുനാഥ പറഞ്ഞു. 'ഒന്നാം സ്ഥാനം മൂന്നാമതും കൈപ്പിടിയിലൊതുക്കണേ...' മല്‍സരം കഴിഞ്ഞ് ഫലം വന്നപ്പോള്‍ ഗുരുവിന്റെ അഭ്യര്‍ഥന നിറവേറ്റിയ ക്രിസ്റ്റ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നേടി ഗുരുവിന്റെ പാത പിന്തുടര്‍ന്നു. എറണാകുളം സെന്റ് തെരേസാസ് കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥിനിയും പ്രശസ്ത യുവനര്‍ത്തകിയുമായ അര്‍ച്ചിത അനീഷ്‌കുമാറാണ് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ക്രിസ്റ്റ മറിയം ജോര്‍ജിന്റെ ഗുരുനാഥ. 2010, 11, 12 വര്‍ഷങ്ങളിലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലും 2013, 14, 15 വര്‍ഷങ്ങളിലെ എംജി കലോല്‍സവത്തിലും തുടര്‍ച്ചയായി മോഹിനിയാട്ട മല്‍സരത്തില്‍ ജേത്രിയാണ് അര്‍ച്ചിത അനീഷ്‌കുമാര്‍. അര്‍ച്ചിതയ്ക്കു കീഴില്‍ നാലു വര്‍ഷമായി ക്രിസ്റ്റ പരിശീലനം നടത്തുന്നു. ഗുരുവിന്റെ അതേ പാത പിന്തുടര്‍ന്നാണ് ഇപ്പോള്‍ ക്രിസ്റ്റയുടെ സഞ്ചാരം. 2013, 14 വര്‍ഷങ്ങളില്‍ ക്രിസ്റ്റയ്ക്ക് തന്നെയായിരുന്നു സിബിഎസ്ഇ സംസ്ഥാന കലോല്‍സവത്തിലെ മോഹിനിയാട്ടം മല്‍സരത്തില്‍ ഒന്നാം സ്ഥാനം. ഇത്തവണയും ആദ്യസ്ഥാനം കരസ്ഥമാക്കി ഹാട്രിക് മധുരം നുകര്‍ന്നിരിക്കുകയാണ് കോലഞ്ചേരി വെട്ടുവഴി പുത്തന്‍പുരയില്‍ ജോര്‍ജ് തോമസ്- സീനു ദമ്പതികളുടെ മകളായ ക്രിസ്റ്റ.
കലാമണ്ഡലം ലീലാമണിയുടെ കീഴിലായിരുന്നു അര്‍ച്ചിത മോഹിനിയാട്ടത്തില്‍ പരിശീലനം തേടിയത്. കണ്ണൂര്‍ കക്കാട് സൗഭാഗ്യയില്‍ അനീഷ്‌കുമാര്‍- അനിത ദമ്പതികളുടെ ഏക മകളായ അര്‍ച്ചിത 2013ലും 14ലും എംജി യുനിവേഴ്‌സിറ്റി കലാതിലകമാണ്. ഇപ്പോള്‍ കുടുംബത്തോടൊപ്പം എറണാകുളം പാലാരിവട്ടത്താണു താമസം.
Next Story

RELATED STORIES

Share it