Districts

മൂന്നാം സര്‍വേയുടെ ആശ്വാസത്തില്‍ സിപിഎം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടുകണക്കുമായി ബന്ധപ്പെട്ട മൂന്നാം സര്‍വേയുടെ ശുഭാപ്തി വിശ്വാസത്തിലാണ് സിപിഎം. സംസ്ഥാനത്തെ 11 ജില്ലകളില്‍ പാര്‍ട്ടി മുന്നിലെത്തുമെന്നാണ് സര്‍വേ പറയുന്നത്. ആദ്യ സര്‍വേയില്‍ ഇത് വെറും ആറു ജില്ലകളില്‍ മാത്രമായിരുന്നു. മൂന്നാം സര്‍വേയനുസരിച്ച് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പാര്‍ട്ടി വലിയ നേട്ടം കൈവരിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി സിപിഎം നാലു സര്‍വേകള്‍ നടത്താറുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പ്രചാരണം സമാപിക്കുമ്പോഴും വോട്ടെടുപ്പ് കഴിയുമ്പോഴുമാണ് ഇവ നടക്കാറ്. ഇത്തവണ ഇതില്‍ ആദ്യത്തെ സര്‍വേയിലും രണ്ടാമത്തെ സര്‍വേയിലും പാര്‍ട്ടിക്ക് വലിയ മുന്‍തൂക്കമൊന്നും ഘടകങ്ങള്‍ പ്രവചിച്ചിരുന്നില്ല. ഭരണവിരുദ്ധ വികാരം പ്രകടമല്ലാത്തതും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും യുഡിഎഫിനെ തുണയ്ക്കുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍. ജനങ്ങളുടെ മനസ്സറിയുന്നതിനായി പാര്‍ട്ടി ബ്രാഞ്ച് തലത്തില്‍ നടത്തുന്ന സര്‍വേകളാണ് ഇവയെല്ലാം. ഓരോ വാര്‍ഡിലെയും അമ്പത് വീടുകള്‍ വീതം എടുത്ത് കൃത്യമായ വിലയിരുത്തലുകളാണ് ഈ സര്‍വേകളില്‍ ഉണ്ടാവുക. ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലാണ് ഇത് നടക്കാറുള്ളത്.
അടുത്തകാലത്തായി ഇത്തരം സര്‍വേകളില്‍ നിരന്തരം പിഴവുകള്‍ വന്നതിനാല്‍ ഇത്തവണ വളരെ ജാഗ്രതയോടെ സര്‍വേ നടത്തണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മൂന്നാം സര്‍വേയിലാണ് പാര്‍ട്ടിയുടെ മുന്‍തൂക്കം സൂചിപ്പിക്കുന്നത്. ഇതിന്റെ ആശ്വാസത്തിലാണ് നേതാക്കള്‍.
ബാര്‍കോഴ കേസിലെ വിധിയും അനുകൂലമാവുമെന്ന പ്രതീക്ഷ അണികള്‍ക്കും നേതൃത്വത്തിനുമുണ്ട്. ബൂത്ത് സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം നല്‍കിയ കണക്കുകള്‍ എകെജി സെന്ററില്‍ വിലയിരുത്തുന്ന തിരക്കിലാണ് സംസ്ഥാന നേതാക്കള്‍. ഇനി വോട്ടെടുപ്പ് കഴിഞ്ഞ ശേഷം നാലാമത് സര്‍വേ നടക്കും.
Next Story

RELATED STORIES

Share it