Pathanamthitta local

മൂന്നാം വട്ടവും വിജയന്‍ നായര്‍ക്ക് ജയം

പത്തനംതിട്ട: പിന്നെന്തിന് ജനം മറ്റൊരാളെ തേടണം. പടിഞ്ഞാറെ പുത്തന്‍പുരയില്‍ വിജയന്‍ നായര്‍ ജയിച്ചു കൊണ്ടേയിരിക്കും. ഇത്തവണ ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിലാണ് ജയം. ഒരേ വാര്‍ഡില്‍ നിന്നല്ല വിജയങ്ങള്‍. മാറി നിന്നാലും ജയം മാത്രം പക്ഷമില്ലാതെ ഒപ്പമുണ്ട്. രഹസ്യം ഒന്നുമാത്രം. നാട്ടുകാര്‍ക്ക് തന്നെ വേണം. ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തകനെ. വിജയന്‍ബാബു എന്ന നാട്ടുകാരുടെ ബാബുസാര്‍ 40 വര്‍ഷമായി പൊതുരംഗത്ത് വന്നിട്ട്.
ഐ.എന്‍.എയില്‍ ഭടനായിരുന്ന അച്ഛന്‍ എം വി ശ്രീധരന്റെ കൈപിടിച്ചാണ് ഇദ്ദേഹം പൊതുരംഗത്ത് വരുന്നത്. കെഎസ്‌യു ആയിരുന്നു ആദ്യം. 1980ല്‍ എന്‍ജിനീയറായി. അന്ന് കെഎസ്‌യു ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനറായി. സംഘടനയുടെ തിരുവനന്തപുരം സിറ്റി ജനറല്‍ സെക്രട്ടറിയായി. ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും ശരത് ചന്ദ്രപ്രസാദും അന്ന് സഹപ്രവര്‍ത്തകര്‍. നാട്ടിലേക്ക് മടങ്ങി സ്വന്തം ഗ്രാമത്തിലായി പ്രവര്‍ത്തനം പിന്നെ. 2005ല്‍ നാട്ടുകാര്‍ നിര്‍ബന്ധിച്ച് സ്ഥാനാര്‍ഥിയാക്കി.
കോണ്‍ഗ്രസ് പാനലില്‍ നാലാം വാര്‍ഡില്‍ ജയം. 380 വോട്ട് ഭൂരിപക്ഷം. രണ്ട് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം കാരണം സംഘടന വിട്ടു.
ഇതോടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന്റെ മേല്‍കൈയ്യും തീര്‍ന്നു. ഭരണം നഷ്ടമായി. പിന്നീട് പാര്‍ട്ടിക്ക് ഇതേ വരെ ഭരണം മടക്കിക്കിട്ടിയില്ല. കുറച്ചുനാള്‍ ഇടത് ഭരണത്തെ പിന്തുണച്ചെങ്കിലും അവിടെ നിന്നു പിന്‍മാറി സ്വതന്ത്രനായി. 2010ല്‍ സ്വന്തം വാര്‍ഡല്ലാത്ത രണ്ടില്‍ മല്‍സരിച്ചു. മൂന്ന് മുന്നണികളും വീണു. വിജയന്‍ ജയിച്ചു. 2015ല്‍ പഴയ നാലാം വാര്‍ഡില്‍ മടക്കം. വോട്ടിന്റെ 70 ശതമാനം നേടിയാണ് വിജയം. 17 വാര്‍ഡിലെയും ജനങ്ങള്‍ക്ക് സഹായിച്ചാണ് പൊതുപ്രവര്‍ത്തനം.
ലാഭം ഇച്ഛിക്കാതെ നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉണ്ട്. ഒരു ഫോണ്‍കോളില്‍ ഇദ്ദേഹം സ്ഥലത്ത് എത്തും. പഞ്ചായത്ത് ഓഫിസില്‍ എത്തിയാല്‍ ജനം തിരക്കുന്നത് ഈ മെമ്പര്‍ എവിടെയുണ്ടെന്നാണ്.
രേഖകള്‍ ഏല്‍പ്പിച്ചുപോയാല്‍ പഞ്ചായത്തില്‍ നിന്നുള്ള ന്യായമായ എല്ലാം അദ്ദേഹം സാധിച്ചു നല്‍കും. പ്രിന്‍സ് മാര്‍ത്താണ്ഡം ഹൈസ്‌കൂള്‍ അധ്യാപിക കലയാണ് ഭാര്യ. മകള്‍: ഡോ.—വീണ.
Next Story

RELATED STORIES

Share it