മൂന്നാം റാങ്കിന്റെ തിളക്കത്തില്‍ ബെന്‍സന്‍ ജെയ്ക്ക് എല്‍ദോ

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയത് എറണാകുളം ജില്ലയിലെ പൊയ്ക്കാട്ടുശ്ശേരി വടക്കന്‍ഹൗസില്‍ ബെന്‍സന്‍ ജെ എല്‍ദോ എന്ന മിടുക്കനാണ്. കഴിഞ്ഞ തവണ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയെങ്കിലും 1176ാം റാങ്കില്‍ തൃപ്തിപ്പെടേണ്ടി വന്നു.
ആദ്യ പത്ത് റാങ്കിനുള്ളില്‍ എത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ബെന്‍സന്‍ പറഞ്ഞു. എന്നാല്‍, മൂന്നാം റാങ്ക് ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം ബെന്‍സന്‍ താമസിക്കുന്ന വടക്കന്‍ഹൗസിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ആരോഗ്യമന്ത്രി കെ കെ ഷൈലജ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലോ അല്ലെങ്കില്‍ തിരുവനന്തപുരത്തോ പഠിക്കാനാണു താല്‍പര്യം. ഏക മകന്റെ മികവുറ്റ വിജയത്തിന്റെ ത്രില്ലിലാണ് പിതാവ് എല്‍ദോസ്. മകന്റെ തുടര്‍പഠനം അവന്റെ താല്‍പര്യത്തിനനുസരിച്ച് വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എല്‍ദോസ് തേജസിനോടു പറഞ്ഞു. കോയമ്പത്തൂരിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. മാതാവ് ഷിബി അത്താണി സെന്റ് ഫ്രാന്‍സിസ് അസ്സീസി സ്‌കൂളിലെ അധ്യാപികയാണ്.
ആലുവ എസ്എന്‍ഡിപി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന ബെന്‍സന്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസും നേടിയിരുന്നു.
Next Story

RELATED STORIES

Share it