മൂന്നര കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

കരിപ്പൂര്‍: അബൂദബിയില്‍ നിന്നെത്തിയ യത്രക്കാരന്‍ ഫാനിന്റെ ബാറ്ററിക്കുളളില്‍ ഒളിപ്പിച്ചു കടത്തിയ 3.5 കിലോ സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 3.45ന് ഇത്തിഹാദ് വിമാനത്തില്‍ അബൂദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവളളി സ്വദേശി അബ്ദുല്‍ നാസര്‍(39)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കോടി രണ്ടു ലക്ഷം രൂപ വിലവരും.

പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെയാണ് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്. ഫാനിന്റെ ബാറ്ററിമാറ്റി 250 ഗ്രാം വീതമുളള 14 സ്വര്‍ണക്കട്ടികളാക്കി എക്‌സറെ പരിശോധനയില്‍ കാണാന്‍ കഴിയാത്ത വിധമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഇയാളെ ഗേറ്റില്‍ തടയുകയും ബാഗേജ് തുറന്നു പരിശോധിക്കുകയുമായിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറാണ് പിടിയിലായ അബ്ദുല്‍ നാസര്‍. 20,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. കൊടുവള്ളി സ്വദേശിയാണ് ഇയാളെ സ്വര്‍ണക്കടത്തിനായി തിരഞ്ഞെടുത്തതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അസി. കമ്മീഷണര്‍ എംകെ വിജയന്‍, സൂപ്രണ്ടുമാരായ സി ഗോകുല്‍ദാസ്, സി ജെ തോമസ്, ആര്‍ മനോജ്, ടി കെ ഹരിനാരായണന്‍, കെ മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ പി വേണുഗോപാല്‍, പി എന്‍ അനില്‍, കെ പി നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it