മുസ്‌ലിമായതിനാല്‍ വിവേചനം നേരിടുന്നു: നസിറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: മുസ്‌ലിമായതിന്റെ പേരില്‍ മാധ്യമങ്ങള്‍ തന്നോട് വിവേചനം കാണിക്കുന്നുവെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷാ. പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത തന്റെ അഭിപ്രായം മാത്രം ദേശവിരുദ്ധമായി പ്രചരിപ്പിച്ച മാധ്യമ നിലപാടിനെയാണ് ഷാ വിമര്‍ശിച്ചത്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്കഭിമാനമുണ്ട്. എന്റെ ദേശസ്‌നേഹം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കുകയില്ല. ഇതുവരെ ഒരു മുസ്്‌ലിമാണെന്ന് എന്നെയാരും ഓര്‍മിപ്പിച്ചിരുന്നില്ല. 66കാരനായ നടന്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു. അഭിഭാഷകനും ചരിത്രകാരനുമായ എ ജി നൂറാനി, പത്രപ്രവര്‍ത്തകന്‍ ദിലീപ് പാദ് ഗവോങ്കര്‍ എന്നിവരും പുസ്തക പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എ ജി നൂറാനിയും ദിലീപ് പാക് ഗവോങ്കറും തന്നെക്കാള്‍ ശക്തിയായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നെങ്കിലും തന്റെ അഭിപ്രായം മാത്രമാണ് മാധ്യമങ്ങള്‍ എടുത്തുകാണിച്ചത്.

അതാണെനിക്ക് മനസ്സിലാവാത്തത്. നാല് തലമുറകളായി എന്റെ കുടുംബം ഇന്ത്യയില്‍ താമസിച്ചുവരികയാണ്. പാകിസ്താനിലെ നല്ലകാര്യങ്ങള്‍ പ്രശംസിച്ചാല്‍ ഇന്ത്യാവിരുദ്ധനാവുമോ. ഞാന്‍ ഇമ്രാന്‍ഖാനെ പുകഴ്ത്തിപ്പറഞ്ഞാല്‍ സുനില്‍ ഗവാസ്‌കറുടെ മഹത്വം ഇല്ലാതാവുമോ. അദ്ദേഹം ചോദിച്ചു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പിക്കുകയല്ല; എഴുത്തിലൂടെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story

RELATED STORIES

Share it