മുസ്‌ലിം വ്യക്തിനിയമം; സക്രിയമായ സംവാദം വേണം: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

കോഴിക്കോട്: മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രസ്താവനയും അതിനെ തുടര്‍ന്നു വന്ന വൈകാരിക പ്രതികരണവും ഖേദകരമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. മുസ്‌ലിം വ്യക്തിനിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതിനിടയില്‍ ജസ്റ്റിസ് കെമാല്‍ പാഷ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ചോദ്യംചെയ്യാനും യുക്തിസഹമല്ലാത്ത തര്‍ക്കങ്ങള്‍ക്കും മുതിര്‍ന്നത് സക്രിയമായ സംവാദത്തെ വൈകാരികമായി മാറ്റുകയായിരുന്നു.
അതേസമയം, ജസ്റ്റിസ് കെമാല്‍ പാഷയുടെ നാലു പരാമര്‍ശങ്ങളില്‍ ഒന്ന് മാത്രം ഉയര്‍ത്തിക്കാട്ടി മുസ്‌ലിം വ്യക്തി നിയമത്തിലെ വിവേചനങ്ങള്‍ മൂടിവയ്ക്കാനുള്ള ശ്രമം അപലപനീയമാണ്. അനിവാര്യമായ ഘട്ടങ്ങളില്‍ കര്‍ശനവ്യവസ്ഥകള്‍ക്കു വിധേയമായി പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാന്‍ അനുവാദമുള്ളതുപോലെ സ്ത്രീക്ക് പുരുഷനില്‍ നിന്ന് വിവാഹമോചനം നേടാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രം ഇസ്‌ലാം അനുവദിച്ച ത്വലാക്കും ബഹുഭാര്യാത്വവും ഇന്ത്യയില്‍ വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന പദവിയും ബഹുമാനവും പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരേണ്ട ബാധ്യത സ്ത്രീ സംഘടനകളുടേതു മാത്രമല്ല. ഇത്തരം വിഷയങ്ങളില്‍ ആധികാരികമായും നിക്ഷ്പക്ഷമായും ഇടപെടേണ്ട ബാധ്യത പണ്ഡിതസമൂഹത്തിനുമുണ്ട്. മുസ്‌ലിം വ്യക്തിനിയമം ശരീഅത്തിന്റെ ചൈതന്യത്തിനു ചേരുംവിധം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സക്രിയമായ സംവാദം നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it