kozhikode local

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മലയോര വികസന സമിതി

താമരശ്ശേരി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ലീഗ് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കുകയും ചെയ്തതോടെ തിരുവമ്പാടിയിയില്‍ കലാപക്കൊടി. വിഎം ഉമ്മര്‍ മാസ്റ്റര്‍ക്കും ലീഗിനുമെതിരേയാണ് ഒരു വിഭാഗം രംഗത്ത് വന്നത്. മണ്ഡലം കോണ്‍ഗ്രസ്സിനു നല്‍കണമെന്നാവശ്യപ്പെട്ടാണ് താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും പടപ്പുറപ്പാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി മോയിന്‍ കുട്ടിക്കെതിരേയും ഇവര്‍ രംഗത്തുവന്നിരുന്നു. അന്ന് നടന്ന ചര്‍ച്ചയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാമെന്ന് യുഡിഎഫ് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ സമുദായക്കാരനായിരിക്കണം സ്ഥാനാര്‍ഥിയാവേണ്ടെതെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വച്ചിരുന്നത്രേ. ബിഷപ്പ് ഹൗസിന്റെ മൗനാനുവാദം ഇവര്‍ക്കുണ്ട്. മണ്ഡലം, കോണ്‍ഗ്രസുകാരനായ ക്രിസ്തുമത വിശ്വാസിക്ക് നല്‍കണമെന്നാണ് ഇവരുടെ മുഖ്യമായ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഇന്നലെ ഇവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച.
അന്തിമപട്ടിക ആവുന്നതുവരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന് മുഖ്യമന്ത്രി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്നും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തീരുമാനമുണ്ടാവുമെന്നുമുള്ള ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. താമരശ്ശേരി രൂപത ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍ പുരയിടത്തില്‍, പ്രഫ. ചാക്കോ കാളംപറമ്പില്‍, ജോയി കണ്ണഞ്ചിറ, മാര്‍ട്ടിന്‍ തോമസ്, മനോജ് പ്ലാക്കൂട്ടം തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇപ്പോള്‍ കൊടുവള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയായ വിഎം ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടിക്കാര്‍ക്ക് ഏറെ സുപരിചതനാണ്. 2006ല്‍ മത്തായി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ജോര്‍ജ് എം തോമസിനോട് 246 വോട്ടിനാണ് തോറ്റത്. ലീഗിലെ തന്നെ ഒരു വിഭാഗത്തിന്റെ ഇടപെടല്‍മുലമാണ് പരജയപ്പെട്ടതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 16000 ലധികം ഭൂരിപക്ഷത്തിനാണ് ഉമ്മര്‍ മാസ്റ്റര്‍ വിജയിച്ചത്.
Next Story

RELATED STORIES

Share it