മുസ്‌ലിം ലീഗിന്റെ കേരള യാത്രയ്ക്ക് ശംഖുമുഖം കടപ്പുറത്ത് സമാപനം

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ കേരള യാത്രയ്ക്ക് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപനം. സമാപന സമ്മേളനം പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. 18 ദിവസത്തെ കേരള ജാഥ 18 ദിവസം നീണ്ടുനിന്ന മഹാഭാരതയൂദ്ധത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ഇന്ത്യയിലെ ദലിത്-മതന്യൂനപക്ഷങ്ങളുടെ പൊതുയിടത്തിനായി ലീഗ് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യാ മഹാരാജ്യം ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നും പൗരന് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ പൂര്‍ണമായി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ജനിച്ച ഒരു ജീവിയോടുപോലും രാജ്യം വിട്ടുപോവാന്‍ പറയാന്‍ ആര്‍ക്കും അവകാശമില്ല. സുദൃഢമായ ഒരു ഭരണഘടനയാണ് അംബേദ്കര്‍ നമുക്ക് സമ്മാനിച്ചത്. സംഘപരിവാര അജണ്ട രാജ്യത്തെ പല വിഭാഗങ്ങള്‍ക്കുമെന്നപോലെ ദലിതുകള്‍ക്കും ഭീഷണിയായിരിക്കുന്നു. രോഹിത് വെമുല സംഭവം അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജാഥാ നായകന്‍ പി കെ കുഞ്ഞാലിക്കുട്ടി മറുപടിപ്രസംഗം നടത്തി.
മുസ്‌ലിം ലീഗ് ഇന്ത്യയിലുടനീളം വളരുകയാണ്. മതേതരത്വത്തോടുള്ള ലീഗിന്റെ പ്രതിബദ്ധത പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. മതേതരത്വത്തിന്റെ വേരറ്റുപോവാതിരിക്കാനുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന് ലീഗ് മുന്‍കൈയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യചെയ്ത രോഹിത് വെമുലയുടെ സുഹൃത്ത് ശങ്കുന്ന വേല്‍പ്പുല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും യാത്രാ വൈസ് ക്യാപ്റ്റനുമായ ഇ ടി മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം കെ മുനീര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it