മുസ്‌ലിം പള്ളി സന്ദര്‍ശിക്കാന്‍ ട്രംപിന് ബ്രിട്ടിഷ് പ്രതിപക്ഷ നേതാവിന്റെ ക്ഷണം

ലണ്ടന്‍: യുഎസില്‍ ഇസ്‌ലാം ഭീതി പ്രചരിപ്പിക്കുന്ന റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ലണ്ടനിലെ മുസ്‌ലിം പള്ളി സന്ദര്‍ശിക്കാന്‍ ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ ക്ഷണം. ട്രംപിനെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടിഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇടത് അനുഭാവിയായ കോര്‍ബിന്റെ ക്ഷണം.
ട്രംപിനെ തന്റെ മണ്ഡലം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയാണെന്നും മെക്‌സിക്കോയോടും മുസ്‌ലിംകളോടും അദ്ദേഹത്തിന് എന്തോ നീരസമുണ്ടെന്നും കോര്‍ബിന്‍ ബിബിസിയോട് പറഞ്ഞു. തന്റെ ഭാര്യ മെക്‌സിക്കോകാരിയും തന്റെ മണ്ഡലം ബഹുസ്വര സമൂഹത്തിന്റെ കേന്ദ്രവുമാണെന്നു വടക്കന്‍ ലണ്ടനില്‍നിന്നുള്ള ജനപ്രതിനിധിയായ കോര്‍ബിന്‍ വ്യക്തമാക്കി. ഇവിടെയുള്ള മുസ്‌ലിം പള്ളിയില്‍ ട്രംപിനെ കൊണ്ടുപോയി അവരെ നേരിട്ട് പരിചയപ്പെടുത്താനാണ് താനുദ്ദേശിക്കുന്നതെന്നും കോര്‍ബിന്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് യുഎസില്‍ പ്രവേശനം നിരോധിക്കണമെന്ന ട്രംപിന്റെ പ്രസ്താവന ലോക വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലണ്ടനില്‍ പോലിസിനു പ്രവേശിക്കാനാവാത്ത മുസ്‌ലിം പ്രദേശമുണ്ടെന്ന വിവാദ പ്രസ്താവനയും ട്രംപ് നടത്തിയിരുന്നു. ഇതാണ് ഇദ്ദേഹത്തെ ബ്രിട്ടനില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട പ്രമേയത്തിലേക്ക് നയിച്ചത്. പ്രമേയം ബ്രിട്ടിഷ് പാര്‍ലമെന്റ് നാളെ ചര്‍ച്ച ചെയ്യും.
പ്രമേയം പാര്‍ലമെന്റ് അംഗീകരിക്കുകയും ബ്രിട്ടന്‍ പ്രവേശനം നിഷേധിക്കുകയും ചെയ്താല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഗോള്‍ഫ് കോഴ്‌സുകള്‍ക്കായുള്ള 700 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപം റദ്ദാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it