മുസ്‌ലിം നയതന്ത്രജ്ഞര്‍ക്കായി സംഘപരിവാരത്തിന്റെ ഇഫ്താര്‍

ന്യൂഡല്‍ഹി: വിദേശ മുസ്‌ലിം നയതന്ത്രജ്ഞര്‍ക്കായി സംഘപരിവാരം ഡല്‍ഹിയില്‍ നോമ്പുതുറ സംഘടിപ്പിക്കും. ആര്‍എസ്എസ് പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചാണ് (എംആര്‍എം) ജൂലൈ രണ്ടിന് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. 140ഓളം വിദേശ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡര്‍മാരെ ക്ഷണിച്ചതായി എംആര്‍എം അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു.
പാകിസ്താന്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം രാഷ്ടങ്ങളിലെയും ഇന്ത്യയുമായി സൗഹൃദത്തിലുള്ള മറ്റു രാഷ്ട്രങ്ങളിലെയും നയതന്ത്രജ്ഞര്‍ ഉപരാഷ്ട്രപതി, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, വൈസ്ചാന്‍സലര്‍മാര്‍ എന്നിവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. ആര്‍എസ്എസ് പ്രതിനിധികളും കേന്ദ്ര മന്ത്രിമാരും ചടങ്ങിനെത്തുമെന്നും അഫ്‌സല്‍ പറഞ്ഞു. കഴിഞ്ഞ തവണ എംആര്‍എം ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നെങ്കിലും അത് ഇത്ര വിപുലമായിട്ടായിരുന്നില്ല. പാര്‍ലമെന്റ് ഹൗസ് അനക്‌സിലാണ് പരിപാടി. ആര്‍എസ്എസിന് പരിപാടിയുമായി നേരിട്ട് ബന്ധമില്ലെന്ന് എംആര്‍എം മാര്‍ഗദര്‍ശിയും മുതിര്‍ന്ന ആര്‍എസ്എസ് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്കുവേണ്ടി നടത്തുന്ന പരിപാടിയാണിതെന്നും ആര്‍എസ്എസ് ഇഫ്താര്‍ പരിപാടി നടത്താറില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
വ്യത്യസ്ത ദേശക്കാര്‍ക്കും മതവിഭാഗങ്ങള്‍ക്കും തുല്യ അവകാശത്തോടും അഭിമാനത്തോടുംകൂടി ജീവിക്കാന്‍ പറ്റുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും ലോകസമാധാനത്തിന്റെ പ്രതീകമായ ഇന്ത്യയുടെ യഥാര്‍ഥ മുഖം ലോകത്തിനു കാണിച്ചുകൊടുക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it