kasaragod local

മുസ്‌ലിംലീഗ് കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ച; കല്ലായിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍

മഞ്ചേശ്വരം: മുസ്‌ലിംലീഗിന്റെ എക്കാലത്തെയും ശക്തികേന്ദ്രങ്ങളായ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാന്‍ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍.
29ന് കോഴിക്കോട് ചേരുന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കമ്മീഷനെ പ്രഖ്യാപിക്കും. കമ്മിറ്റിയംഗങ്ങള്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരായിരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയായ പി ബി അബ്ദുര്‍റസാഖ് ഇപ്രാവശ്യം വിജയിച്ചത് 89 വോട്ടുകള്‍ക്കായിരുന്നു. കാസര്‍കോട് മണ്ഡലത്തിലെ എന്‍ എ നെല്ലിക്കുന്നിന് കഴിഞ്ഞ തവണത്തേക്കാള്‍ 1000ലധികം വോട്ടുകള്‍ കുറവായിരുന്നു.
അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ മണ്ഡലങ്ങളില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ വോട്ടാക്കി മാറ്റുന്നതില്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതായി ആക്ഷേപമുണ്ട്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിത്വത്തിന് ചിലര്‍ ചരട് വലിച്ചിരുന്നു.
എന്നാല്‍, സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കിയതോടെ സ്ഥാനാര്‍ഥി മോഹികളുടെ അനുയായികള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ പോയ ചില പ്രാദേശിക നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ രഹസ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ ഒമ്പതിനായിരത്തില്‍പരം മുസ്‌ലിം വോട്ടര്‍മാരുണ്ട് ഈ വോട്ടുകള്‍ ഭിന്നിപ്പിച്ചാണ് ബിജെപിയും എല്‍ഡിഎഫും നേട്ടം കൊയ്തത്.
പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളില്‍ വിള്ളല്‍ വീണതും കാന്തപുരം സുന്നീ വിഭാഗം പരസ്യമായി ബിജെപിക്ക് വോട്ട് പിടിച്ചതും യുഡിഎഫിന്റെ വോട്ടുനില കുറയ്ക്കാനിടയാക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് ഭരിക്കുന്ന കുമ്പള, മംഗല്‍പ്പാടി, മഞ്ചേശ്വരം എന്നീ ശക്തികേന്ദ്രങ്ങളില്‍ ലീഗിന് വോട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ ചില ലീഗ് നേതാക്കളുടെ രഹസ്യനീക്കങ്ങളായിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കിയിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ കുമ്പള മാത്രം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ കെ എം അഷ്‌റഫ്, മറ്റൊരു ജില്ലാ ലീഗ് സെക്രട്ടറി ഹനീഫ ഹാജി പൈവളിഗെ, മഞ്ചേശ്വരത്തെ ലീഗ് നേതാവ് യു എച്ച് അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവരൊന്നും അണികളുടെ ഇടയിലേക്ക് സജീവമായി ഇറങ്ങി ചെന്നിരുന്നില്ല. ഇവരൊക്കെ പ്രസംഗവേദിയിലായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്.
തീരദേശ മേഖലയിലും മുന്നേറ്റം നടത്താനായില്ല. കോണ്‍ഗ്രസിന് ആധിപത്യമുള്ള മീഞ്ച, വോര്‍ക്കാടി, എന്‍മകജെ പഞ്ചായത്തുകളിലും വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നിട്ടുണ്ട്. സിപിഎം കഴിഞ്ഞതവണത്തെക്കാള്‍ നില മെച്ചപ്പെടുത്തിയെങ്കിലും വന്‍ മുന്നേറ്റം നടത്താനായില്ല.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഫാസിസ്റ്റ് മുന്നേറ്റം തടയാന്‍ ശക്തമായി രംഗത്തിറങ്ങുകയും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനെ തടയുകയും ചെയ്തു. കാന്തപുരം സുന്നീ വിഭാഗം പരസ്യമായി സംഘപരിവാറിന് വോട്ട് തേടിയത് മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കി. മണ്ഡലത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ലീഗായിട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ ദയനീയ വിജയം ഏറ്റുവാങ്ങേണ്ടി വന്നത് പാര്‍ട്ടിയിലെ പാര തന്നെയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
കാസര്‍കോട് മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളില്‍ ബിജെപി ഒന്നാംസ്ഥാനത്ത് എത്തിയത് ലീഗിലെ ചരടുവലി മൂലമാണ്. ബെള്ളൂര്‍, കാറഡുക്ക, കുമ്പഡാജെ, മധൂര്‍, ബദിയഡുക്ക പഞ്ചായത്തുകളിലാണ് ബിജെപി മുന്നിലെത്തിയത്. കാസര്‍കോട് നഗരസഭ, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളാണ് ലീഗിന് വ്യക്തമായ ഭൂരിപക്ഷം നേടി കൊടുത്തത്. എംഎല്‍എ ഫണ്ട് പോലും മണ്ഡലത്തിലെ പല പഞ്ചായത്തുകള്‍ക്കും ലഭിച്ചിരുന്നില്ല. മാത്രവുമല്ല കോണ്‍ഗ്രസ് വോട്ടുകള്‍ പല ഭാഗങ്ങളിലും ബിജെപിയിലേക്ക് ചോരുകയും ചെയ്തു.
കോണ്‍ഗ്രസ് കേന്ദ്രങ്ങളിലെ നല്ലൊരു ശതമാനംവോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നത് ചില കോണ്‍ഗ്രസ് നേതാക്കളുടെ ഒത്തുകളി മൂലമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും മുസ്‌ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത് ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പിന് ഇടയാക്കി. ഇത് സംഘ പരിവാറിന് നേട്ടമായി.
എല്‍ഡിഎഫ് ഇത്തവണ ആറായിരത്തില്‍പരം വോട്ടുകള്‍ കൂടുതലായി നേടിയിട്ടുണ്ട്. എന്‍ എ നെല്ലിക്കുന്നിന് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 8,600 മാത്രമായിരുന്നു. ചില ഭാഗങ്ങളില്‍ ചില നേതാക്കളുടെ ചരടുവലികളും എംഎല്‍എയുടെ കൂടെ പ്രചാരണത്തിനുണ്ടായിരുന്ന ചില പഴയ ഐഎന്‍എല്‍ നേതാക്കളുടെ സാന്നിധ്യവും യുഡിഎഫിന്റെ വോട്ടുകള്‍ കുറയാന്‍ കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോട്ടെത്തിയ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയോട് ചിലര്‍ എന്‍ എ നെല്ലിക്കുന്നിനൊപ്പം ഒരുവിഭാഗം നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു. ഇതിന് ശേഷമായിരുന്നു സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ കല്ലായിക്ക് കാസര്‍കോടിന്റെ ചുമതല നല്‍കിയത്. ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അസുഖത്തെ തുടര്‍ന്ന് പൂര്‍ണമായി പ്രചാരണത്തിനുണ്ടായിരുന്നില്ല.എന്നാല്‍, മറ്റു ഭാരവാഹികള്‍ ലീഗ് സ്ഥാനാര്‍ഥിയുടെ മണ്ഡലങ്ങളില്‍ സജീവമായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it