മുസ്‌ലിംകളെ നിരീക്ഷിക്കുന്ന രാഷ്ട്രം

ഗാരിക്കായ് ചെങ്കു

കടുത്ത വിവേചനങ്ങള്‍ക്കു നടുവിലാണ് ഇപ്പോള്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ ജീവിതം. എല്ലാവര്‍ക്കും സ്വാതന്ത്ര്യം, നീതി എന്നിവ ഉറപ്പുവരുത്തുന്നുണ്ടെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടായിരിക്കാം. എന്നാല്‍, മുസ്‌ലിംകളോടുള്ള പെരുമാറ്റം ഒരു ഏകാധിപത്യ രാജ്യത്തിന്റെ എല്ലാ സ്വഭാവവും പ്രകടമാക്കുന്നതാണ്. വിദേശത്തെ മുസ്‌ലിംകള്‍ക്കെതിരേ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരില്‍, സ്വന്തം നാട്ടില്‍ പോലിസിനെ ഉപയോഗിച്ചും മുസ്‌ലിംകളെ വേട്ടയാടുന്നു. സ്വന്തം രാജ്യത്തെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതാണ് ഫാഷിസത്തിന്റെ മുഖമുദ്ര. ഇന്ന് അമേരിക്കയിലെ വിഭാഗീയ പോലിസിന്റെ ഇരയാണ് മുസ്‌ലിംകള്‍.
സപ്തംബര്‍ 11നു ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടത്തിയത് വംശീയമായി ശ്രേഷ്ഠരായി കാണപ്പെടുന്ന വെള്ളക്കാരാണെന്ന് എഫ്ബിഐ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ മുസ്‌ലിംകള്‍ മുമ്പെങ്ങുമില്ലാത്തവിധം നിരീക്ഷിക്കപ്പെടുകയും സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കു വിധേയരാക്കപ്പെടുകയും ചെയ്യുന്നു. കിഴക്കന്‍ ജര്‍മനിയില്‍ സ്റ്റാസി ചാര ഏജന്‍സി ചെയ്തതിനു തുല്യമായ ഫാഷിസ്റ്റ് സ്വഭാവമുള്ള നിരീക്ഷണമാണ് അമേരിക്കയില്‍ നടക്കുന്നത്. അമേരിക്കയിലെ ഓരോ 94 മുസ്‌ലിംകളില്‍ ഒരാളെങ്കിലും എഫ്ബിഐയുടെ ചാരവൃത്തിക്ക് ഇരയാകുന്നുണ്ടെന്നാണ് ഗവേഷകനായ അരുണ്‍ കുണ്ട്‌നാനി വ്യക്തമാക്കുന്നത്. സ്റ്റാസി 66 പൗരന്‍മാരിലൊരാളെയാണ് നിരീക്ഷിച്ചിരുന്നത്.
വംശീയതയും എണ്ണയോടുള്ള മോഹവുമാണ് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് ഇന്ധനം പകര്‍ന്നത്. വെള്ളക്കാരായ ക്രിസ്ത്യാനികള്‍ക്ക് അവരുടെ പള്ളികളില്‍ നുഴഞ്ഞുകയറുകയും വിദ്യാര്‍ഥി സംഘടനകളിലോ വാസസ്ഥലങ്ങളിലോ ഉള്ള, രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചാരനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അമേരിക്കയ്ക്ക് ഏറ്റവും ഭീഷണിയായ വലതുപക്ഷ തീവ്രവാദ സംഘടനകള്‍ ഉണ്ടായിട്ടു പോലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ മേല്‍ നിരീക്ഷണം നടത്താന്‍ യുഎസ് അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍, മുസ്‌ലിം പള്ളികളാകട്ടെ സംശയത്തിന്റെ നിഴലിലുമാണ്.
മുസ്‌ലിംകള്‍ക്കെതിരായ ഇത്തരം നിരീക്ഷണങ്ങള്‍ അമേരിക്കന്‍ ഭരണഘടന പ്രകാരം അനുവദനീയമാണെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധി പറഞ്ഞു. പള്ളികള്‍, വിദ്യാര്‍ഥി സംഘടനകള്‍, റസ്‌റ്റോറന്റുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ നിരീക്ഷണത്തിലാണെന്നു ന്യൂയോര്‍ക്ക് പോലിസ് സമ്മതിക്കുകയും ചെയ്തു.
രാജ്യത്തെ ഇസ്‌ലാമിക ഭീകരവാദ ഭീഷണി യഥാര്‍ഥത്തില്‍ കെട്ടിച്ചമച്ചതാണ്. ആ പ്രചാരണം ഉണ്ടെങ്കിലേ കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സൈനികനീക്കം വിദേശത്തു നടത്തുകയും രാജ്യത്തിന്റെ 200 വര്‍ഷം പഴക്കമുള്ള ഉദാര നിലപാടുകളെ ഇല്ലാതാക്കുകയും ചെയ്യാന്‍ സാധിക്കൂ.
സര്‍ക്കാരില്‍ നിന്നു മാത്രമല്ല അമേരിക്കന്‍ മുസ്‌ലിംകള്‍ പീഡനം നേരിടുന്നത്. വെറുപ്പായും അക്രമമായും രാജ്യത്തെ മറ്റു പൗരന്‍മാരുടെ മുന്‍വിധികളെയും അവര്‍ക്ക് നേരിടേണ്ടിവരുന്നു. സമീപകാലത്ത് നടന്ന ഒരു വോട്ടെടുപ്പ് മുസ്‌ലിംകള്‍ രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെടാത്ത ന്യൂനപക്ഷമാണെന്ന് കണ്ടെത്തുകയുണ്ടായി. എഫ്ബിഐയുടെ കണക്കു പ്രകാരം മുസ്‌ലിംവിരുദ്ധ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം 50 ശതമാനം വര്‍ധിച്ചു. യുഎസ് ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. എന്നാല്‍, മതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 13 ശതമാനത്തിന് ഇരകളാക്കപ്പെടുന്നത് അവരാണ്. ഇസ്‌ലാംപേടിയും വംശീയവിദ്വേഷവും ആപ്പിള്‍ കേക്ക് അമേരിക്കന്‍ ആണിപ്പോള്‍.
1933ല്‍ നാത്‌സി ജര്‍മനി അതിന്റെ രണ്ടു ശതമാനം ദേശീയ വരുമാനമാണ് സൈനിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതെങ്കില്‍ 1940 ആയപ്പോള്‍ അത് 44 ശതമാനമായി വളര്‍ന്നു. ഇന്ന് അമേരിക്ക ലോകത്തെ എല്ലാ രാജ്യങ്ങളും ചേര്‍ന്നു ചെലവഴിക്കുന്നതിനേക്കാള്‍ തുക സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നു. വിദേശത്ത് 662 സൈനിക ക്യാംപുകളാണ് അമേരിക്കക്കുള്ളത്. 2010ലെ പ്രതിരോധ വകുപ്പിന്റെ റിപോര്‍ട്ട് പ്രകാരം ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് ചെലവിട്ടത് ആറു ട്രില്യന്‍ ഡോളറാണ്. ഓരോ അമേരിക്കന്‍ കുടുംബത്തിനുമായി വീതിച്ചാല്‍ 75,000 ഡോളര്‍ വരും ഈ തുക.
ജയിലുകളിലെ നിയമവിരുദ്ധ നടപടികള്‍ കൂടുതല്‍ വ്യാപകമാണ്. ഒരു ന്യൂനപക്ഷവിഭാഗത്തെ കൂടുതലായി ജയിലില്‍ അടയ്ക്കുകയും പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നു. ഗ്വണ്ടാനമോയും ഗുലാഗുമെല്ലാം മാനവരാശിക്കെതിരായ ചോദ്യം ചെയ്യപ്പെടാനാവാത്ത കുറ്റകൃത്യങ്ങളാണ്. ഇത്തരം സംവിധാനങ്ങള്‍ നിരപരാധികളെ മോചിപ്പിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും സഹായകമാവില്ല.
2007ല്‍ ഗ്വണ്ടാനമോക്കെതിരേ ഒരു രാഷ്ട്രീയ നേതാവ് ശക്തമായി ശബ്ദിച്ചു. താന്‍ പ്രസിഡന്റായാല്‍ ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്നു പ്രഖ്യാപിച്ചു. ബറാക് ഒബാമയായിരുന്നു അത്. എന്നാല്‍, ഒബാമയുടെ കാലത്ത് ഗ്വണ്ടാനമോ ജയിലും അവിടത്തെ പീഡനങ്ങളും തുടര്‍ന്നുവെന്നു മാത്രമല്ല, അതു ശക്തമാവുകയും ചെയ്തു. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോയ്ക്ക് കൂട്ടക്കൊല നടത്താന്‍ ഹിറ്റ്‌ലറും മുസോളിനിയുമാണ് ആയുധങ്ങള്‍ നല്‍കിയിരുന്നത്.
വിദേശത്ത് മുസ്‌ലിംകളെ കൊല്ലാന്‍ വാഷിങ്ടണ്‍ ഡ്രോണുകള്‍ അയക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ഡ്രോണുകള്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും സാധാരണക്കാരായിരുന്നുവെന്ന് സമീപകാലത്തു പുറത്തിറങ്ങിയ ഒരു പഠനം പറയുന്നു.
പ്രചാരവേലകളാണ് അമേരിക്കന്‍ മുസ്‌ലിംകളെ ഈ വിവേചനത്തിന്റെ ഇരകളാക്കാന്‍ കാരണമായത്. നാത്‌സി ജര്‍മനിയില്‍ ഇത്തരം പ്രചാരവേലകള്‍ സജീവമായിരുന്നു. അമേരിക്കയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമെന്ന മിഥ്യാബോധം സൃഷ്ടിച്ച മാധ്യമ കോര്‍പറേറ്റുകള്‍ക്കായിരുന്നു ഈ ദൗത്യം. അമേരിക്കന്‍ പ്രചാരണ യന്ത്രങ്ങള്‍ അത്യധികം സങ്കീര്‍ണമായിരുന്നു. നാത്‌സി ജര്‍മനിയെപ്പോലെ റേഡിയോയിലും പ്രസംഗങ്ങളിലും ലീഫ്‌ലറ്റുകളിലും ഒതുങ്ങിനിന്നില്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ കല, പോപ്, ഹോളിവുഡ് തുടങ്ങിയ മേഖലകളിലും നടപ്പാക്കപ്പെട്ടു.
യുദ്ധത്തോടുള്ള താല്‍പര്യം സൃഷ്ടിക്കുന്നതില്‍ അമേരിക്കന്‍ സിനിമകളും സംഗീതങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അമേരിക്കന്‍ സ്‌നൈപ്പര്‍, ഒബാമയുടെ ഇഷ്ട ടെലിവിഷന്‍ പരിപാടിയായ ഹോംലാന്‍ഡ് എന്നിവ അമേരിക്കന്‍ സംസ്‌കാരത്തില്‍ ഇസ്‌ലാംപേടി വളര്‍ത്തുന്നതിനു സഹായിച്ചിട്ടുണ്ട്. അമേരിക്കന്‍ സ്‌നൈപ്പര്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ഇസ്‌ലാംപേടിയുടെ ആഴം അമേരിക്കന്‍-അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. നോര്‍ത്ത് കാരലൈനയില്‍ മൂന്നു മുസ്‌ലിംകളെ തലയ്ക്കു വെടിവച്ചുകൊന്നത് അമേരിക്കന്‍ സ്‌നൈപ്പറില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ്.
മാധ്യമങ്ങള്‍ നമ്മുടെ ഭാഷയെ സ്വാധീനിക്കുന്നു. അതു ചിന്തകളെയും ചിന്തകള്‍ പ്രവൃത്തികളെയും നിശ്ചയിക്കുന്നു. അതുകൊണ്ടുതന്നെയാണ് കോര്‍പറേറ്റ് ഉന്നതര്‍ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിവച്ചിരിക്കുന്നത്. ഇന്ന് അമേരിക്കന്‍ ജനത എന്തു വായിക്കണം, എന്തു കേള്‍ക്കണം, എന്തു കാണണം, എങ്ങനെ ചിന്തിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ആറു മാധ്യമ ഉന്നതരാണ്. അവര്‍ സര്‍ക്കാരിനെയും നിയന്ത്രിക്കുന്നു.
നാത്‌സി ജര്‍മനിയില്‍ ജോസഫ് ഗീബല്‍സിന്റെ പ്രചാരണ മന്ത്രാലയം വഹിച്ചിരുന്ന അതേ ചുമതലയാണിത്. ഇന്ന് അമേരിക്കയുടെ ഭാഷ ഇങ്ങനെയാണ്: ഡ്രോണുകള്‍ എന്നാല്‍ ആളില്ലാത്ത വിമാനമാണ്. പീഡനം ചോദ്യം ചെയ്യലിന്റെ ഉന്നതരൂപമാണ്. അധിനിവേശം സ്വതന്ത്രമാക്കലാണ്. മുസ്‌ലിംകളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയണമെന്ന റിപബ്ലിക്കന്‍ നേതാവ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന കീഴ്‌വഴക്കങ്ങള്‍ ഇല്ലാത്തതല്ല. 1882ലെ ചൈനീസ് പുറത്താക്കല്‍ നിയമം ചൈനക്കാരെ യുഎസില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. അഞ്ചു ദശാബ്ദം ഈ നിയമം രാജ്യത്ത് നിലനിന്നു. നിരവധി ചൈനക്കാരെ നാടുകടത്തി.
ഇത്തരത്തില്‍ നിരവധി പുറത്താക്കല്‍ നിറഞ്ഞതാണ് അമേരിക്കയുടെ ചരിത്രം. ദശലക്ഷക്കണക്കിന് അമരിന്ത്യക്കാരെ കൊലപ്പെടുത്തി തുടങ്ങിയതാണത്. ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടി പിന്നീട് അവര്‍ മെക്‌സിക്കോക്കാരെയും ഫ്രഞ്ചുകാരെയും മറ്റു പല രാജ്യക്കാരെയും ആക്രമിച്ചു.
പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയിലുള്ള ജപ്പാന്‍കാര്‍ക്ക് ഒളിവില്‍ കഴിയേണ്ടിവന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കയിലെ വിയറ്റ്‌നാം വംശജര്‍ ആക്രമണത്തിനിരയായി. ശീതയുദ്ധകാലത്ത് റഷ്യന്‍ പേടിയിലായിരുന്നു അമേരിക്ക. സോവിയറ്റ് യൂനിയന്‍ ചാരമായതോടെയാണ് മിഡില്‍ഈസ്റ്റിനെ അമേരിക്ക പുതിയ യുദ്ധക്കളമാക്കുന്നത്. അവര്‍ അവിടേക്ക് മനഃപൂര്‍വം യുദ്ധങ്ങള്‍ നയിച്ചു. ഇപ്പോള്‍ വിദേശത്ത് മുസ്‌ലിംകളും സ്വദേശത്ത് അറബ് വംശജരും സിഖുകാരും ഇതേ അവസ്ഥയെയാണ് നേരിടുന്നത്.

ഹാവഡിലെ ഗവേഷകനാണ്
ലേഖകന്‍ $
Next Story

RELATED STORIES

Share it