മുസ്‌ലിംകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നവരോട്

ജെ ദേവിക
കേരളത്തിലെ മുസ്‌ലിം ജനങ്ങളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ വ്യാപകമായിത്തീര്‍ന്നിരിക്കുന്ന തെറ്റിദ്ധാരണകളെ തിരുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ ലേഖനം.
വിമര്‍ശനാത്മകമായി ചിന്തിക്കുന്നവരും പരന്ന വായനയുള്ളവരും പൊതുമണ്ഡലചര്‍ച്ചായിടങ്ങളില്‍ ധാര്‍മികമായ മേല്‍നില സദാ അവകാശപ്പെടുന്നവരുമായ ബുദ്ധിജീവികളുടെ എഴുത്തുകളില്‍പ്പോലും ഈ വാദങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അപകടകരമായി തോന്നുന്നതുകൊണ്ടാണ് ഇതെഴുതുന്നത്. കേരളത്തിലെ ജനജീവിതത്തെ സസൂക്ഷ്മം വീക്ഷിക്കാന്‍ നമ്മെ സഹായിക്കുന്ന വസ്തുതാശേഖരങ്ങളും ചരിത്ര-സാംസ്‌കാരിക പഠനസമ്പത്തും കൈയിലുള്ളപ്പോള്‍ ആത്മനിഷ്ഠനിരീക്ഷണങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ബുദ്ധിജീവികള്‍ നടത്തുന്ന ഇടപെടലുകള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് സംശയം വേണ്ട.
പ്രത്യേകിച്ചും, ഹിന്ദുത്വവാദ ഭീകരത സര്‍വത്തെയും വിഴുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്ന നമ്മുടെ കാലങ്ങളില്‍ മുസ്‌ലിം സമുദായത്തെക്കുറിച്ച് പറയുമ്പോള്‍, വിശേഷിച്ചും ഭൂരിപക്ഷ സമുദായത്തിലെ മേല്‍ത്തട്ടുകാര്‍ പറയുമ്പോള്‍, ശ്രദ്ധ ആവശ്യമാണ്. ഭൂരിപക്ഷ താല്‍പ്പര്യങ്ങളാല്‍ രൂപപ്പെട്ടുവരുന്ന സാമാന്യബോധത്തെ കണ്ണുമടച്ച് ആശ്രയിക്കുന്ന രീതിയെ പ്രതിരോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.
അതുകൊണ്ട് ഈ ലേഖനത്തില്‍ പറയുന്ന പല കാര്യങ്ങളും പുതിയ അറിവല്ല. കേരളീയ പൊതുബോധത്തില്‍നിന്ന് ഭൂരിപക്ഷ മേധാവിത്വം അവയെ മായ്ച്ചുകളഞ്ഞെന്ന് തോന്നുന്നതുകൊണ്ടാണ് അവ ഇവിടെ ആവര്‍ത്തിക്കുന്നത്.
ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മാതൃഭൂമി ദിനപത്രത്തില്‍ കുറച്ചുനാള്‍ മുമ്പ് കേരളീയ മുസ്‌ലിം സമുദായത്തെ പരാമര്‍ശിച്ചുണ്ടായ ഒരു ചര്‍ച്ചയാണ്. അതിനോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. പക്ഷേ, ആ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കുള്ള 'മറുപടി'യല്ല ഇത്. സമീപകാല പൊതുമണ്ഡലചര്‍ച്ചകള്‍ വ്യക്തികളുടെ ഈഗോ പ്രകടന മല്‍സരങ്ങളായി താണുപോയത് ഇതാദ്യമായല്ല. ഭിന്നാഭിപ്രായങ്ങളെ യുക്തിയുടെയും വസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കാനും കൂട്ടായി ചിന്തിച്ചുകൊണ്ട് ജനാധിപത്യത്തെ വളര്‍ത്താനുമല്ല അവ പലപ്പോഴും സഹായിക്കുന്നത്.
പൊതുചര്‍ച്ചകള്‍ക്ക് ആ ഒരു ലക്ഷ്യമേ പാടുള്ളൂ എന്ന പക്ഷക്കാരിയാണു ഞാന്‍. ജനാധിപത്യത്തെയും പരസ്പര ബഹുമാനത്തെയും അവഗണിക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരിയാവാന്‍പോലുമുള്ള സമയമോ ക്ഷമയോ എനിക്കില്ല. പോര്‍വിദഗ്ധന്മാരായ ചേകവന്മാര്‍ അങ്കംവെട്ടി മരിക്കുന്നതു കണ്ടുരസിക്കാനുള്ള മാനസികാവസ്ഥയും എനിക്കില്ല. രാഷ്ട്രീയസ്വഭാവമുള്ള, അതിപ്രധാനങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബൗദ്ധിക അങ്കങ്ങളായി ചുരുങ്ങുന്നതിനെയാണ് അരാഷ്ട്രീയവല്‍ക്കരണമെന്നു പറയുന്നത്.
വലതുപക്ഷങ്ങള്‍ക്കും പത്രമുതലാളിക്കും പിന്നെ ബുദ്ധിജീവികളുടെ ചില്ലറ ഈഗോയ്ക്കും മാത്രം ഗുണംചെയ്യുന്ന ഇത്തരം ചര്‍ച്ചകള്‍ക്കായി ഊര്‍ജം കളയാതെ, വലതുപക്ഷങ്ങള്‍ക്കെതിരേ ഇപ്പോഴും പ്രതിരോധമുയര്‍ത്തുന്ന, കേരളത്തിലെ ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള, നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇടപെടാനാണ് ഞാനിപ്പോള്‍ ശ്രമിച്ചുപോരുന്നത്. പക്ഷേ, ഇന്ന് അളമുട്ടിയിരിക്കുന്നു.
മുസ്‌ലിം ബുദ്ധിജീവികള്‍ ഇവിടെ ധാരാളമുണ്ടല്ലോ, അവര്‍ തെറ്റിദ്ധാരണയൊക്കെ തിരുത്തിക്കൊള്ളും, നിങ്ങള്‍ക്കെന്തു കാര്യം എന്നു ചിലര്‍ ചോദിച്ചേക്കാം. ഈ വിഷയങ്ങളില്‍ ഇടപെടാന്‍ എന്നെക്കാളേറെ അറിവും അനുഭവവുമുള്ള, ഉന്നത വിദ്യാഭ്യാസമേഖലയില്‍ പൊതുവെയും, സാമൂഹ്യശാസ്ത്ര ഗവേഷണത്തില്‍ പ്രത്യേകിച്ചും, പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സുഹൃത്തുക്കള്‍ ഇന്ന് ധാരാളമുണെ്ടന്നും അറിയാം. പക്ഷേ, സമുദായസൗഹൃദം മുസ്‌ലിംകളുടെ മാത്രം താല്‍പ്പര്യമോ ഭാരമോ അല്ല. അതുകൊണ്ടു മാത്രമാണ് ഇത്തരമൊരിടപെടലിന് ഞാന്‍ തയ്യാറാവുന്നത്. തന്നെയുമല്ല, 20ാം നൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് ഞാന്‍ നടത്തിയ അന്വേഷണത്തിലൂടെ എനിക്ക് ബോധ്യമായ മറ്റൊരു കാര്യമുണ്ട്: പലപ്പോഴും ന്യൂനപക്ഷങ്ങള്‍ കൈക്കൊണ്ട നിലപാടുകളാണ് നമ്മുടെ ജനാധിപത്യത്തെ പരിരക്ഷിച്ചതും പരിപോഷിപ്പിച്ചതും. 1960കളില്‍ ഇവിടെ ജനങ്ങളെക്കൊണ്ട് കുടുംബാസൂത്രണമാര്‍ഗങ്ങള്‍ അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അതു നിര്‍ബന്ധിതമാക്കണമെന്നും മറ്റും സാമൂഹികരംഗത്ത് പുരോഗമനവാദികളായി അറിയപ്പെട്ടിരുന്ന പലരും സാങ്കേതികവിദഗ്ധരും ശക്തമായി വാദിച്ചപ്പോള്‍ ആ അപകടം മാറിപ്പോയത് ഇവിടത്തെ മതന്യൂനപക്ഷങ്ങളുടെ ഉറച്ച നിലപാടുകള്‍കൊണ്ടാണ്. നിര്‍ബന്ധിത കുടുംബാസൂത്രണം ജനാധിപത്യത്തെ തകര്‍ത്ത അനുഭവം മാത്രമേ ചരിത്രത്തിലുള്ളൂ.
അപ്പോള്‍, മാതൃഭൂമി ദിനപത്രത്തിന്റെ താളുകളില്‍ അരങ്ങേറിയ അങ്കത്തില്‍നിന്നുയര്‍ന്ന തീയും പുകയും കെടുത്താനും, അതു പടര്‍ത്തിയ കരിയും ചാരവും വാരിക്കളയാനും ശ്രമിക്കുന്ന ബൗദ്ധിക ശുചീകരണത്തൊഴിലാളി മാത്രമാണ് ഞാനിവിടെ. ചേകവനാവുന്നത് (ചേകവന് സ്ത്രീലിംഗമുണേ്ടാ എന്നെനിക്കറിയില്ല) കേമമായിരിക്കാം. പക്ഷേ, ചേകവനെക്കാള്‍ ലോകത്തിന് ഗുണം തൂപ്പുകാരിയെക്കൊണ്ടാണെന്ന തോന്നല്‍ എന്നില്‍ അടിയുറച്ചുപോയിരിക്കുന്നു.
ഈ ചര്‍ച്ചയെക്കുറിച്ച് എനിക്ക് ചോദ്യങ്ങള്‍ ഇല്ലെന്നല്ല ഇതിന്റെയര്‍ഥം. ഉണെ്ടന്നതാണു സത്യം. ഉദാഹരണത്തിന്, സി ആര്‍ പരമേശ്വരന്‍ ടി ടി ശ്രീകുമാറിനെതിരേ നടത്തിയ അതിതീവ്രമായ ആക്രമണത്തെക്കുറിച്ച് പല ചോദ്യങ്ങളുണെ്ടനിക്ക്. 'ഉത്തരാധുനികന്‍' എന്നത് ഒരു ചീത്തവാക്കാണോ? ഉത്തരാധുനിക ചിന്തയില്‍ പലപ്പോഴും പരസ്പരം എതിരിടുന്ന അനവധി ധാരകളുള്ള സ്ഥിതിക്ക് ഏത് ഉത്തരാധുനിക ചിന്തയാണ് ചീത്ത? ഇസ്‌ലാമിസത്തെ അടച്ചാക്ഷേപിക്കാത്ത അമുസ്‌ലിംകള്‍ (ശ്രീകുമാര്‍ മാത്രമല്ല ആ കൂട്ടത്തില്‍) ഭൗതികവും അല്ലാത്തതുമായ നേട്ടങ്ങളുണ്ടാക്കുന്നുവെന്ന ആരോപണത്തിന് തെളിവുണേ്ടാ? ഹിന്ദുതീവ്രവാദികള്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കുന്നവര്‍ക്ക് സമ്മാനിക്കാറുള്ള പാകിസ്താന്‍ ചാരബിരുദത്തില്‍നിന്ന് ഈ ആരോപണത്തിന് എത്ര ദൂരമാണുള്ളത്? ബുദ്ധിജീവികളുടെ അഴിമതിയില്‍ ഇതാണോ ഇന്ന് പ്രധാന ഇനം? ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചുകൊണേ്ടാ രാഷ്ട്രീയക്കാര്‍ക്ക് വാലാട്ടിക്കൊടുത്തുകൊണേ്ടാ ബൗദ്ധികരംഗത്തെ പ്രമുഖ സ്ഥാപനങ്ങളെയും ശക്തികളെയും സുഖിപ്പിച്ചുകൊണേ്ടാ നിലനില്‍ക്കുന്നതിലുള്ള അഴിമതി ഇന്നു മാനവും മര്യാദയുമായിക്കഴിഞ്ഞോ? ടി ടി ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ മതേതരത്വത്തെക്കുറിച്ച് ഇന്ത്യയിലും പുറത്തും നടന്നുവരുന്ന ചര്‍ച്ചകളില്‍ കേട്ടുവരുന്നവയാണ്. അവ പെട്ടെന്ന് ഇത്ര പ്രകോപനപരമായിത്തീര്‍ന്നത് എന്തുകൊണ്ട്?
തല്‍ക്കാലം അവയൊന്നും ഞാന്‍ ചര്‍ച്ചചെയ്യുന്നില്ല. കാരണം, ഇന്നത്തെ അവസ്ഥയില്‍ ഈ ചോദ്യങ്ങള്‍ താരതമ്യേന അപ്രധാനങ്ങളാണ്. പകരം, മുസ്‌ലിം ജനങ്ങളെക്കുറിച്ച് പല പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളടക്കം വച്ചുപുലര്‍ത്തുന്ന ധാരണകളെ വിമര്‍ശിക്കാനാണു ശ്രമിക്കുന്നത്. മേല്‍സൂചിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പരാമര്‍ശങ്ങളില്‍ ചിലത് വളരെ അപകടകരങ്ങളാണ്. ഉദാഹരണത്തിന്, കേരളത്തിലെ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രത്യേക പ്രശ്‌നവുമില്ലെന്നും അവരെ മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കാതിരുന്നാല്‍ മതി എന്നും മറ്റുമുള്ള ആക്രോശങ്ങള്‍. എന്നാല്‍, ഈ ലേഖനത്തില്‍ അവ കൂടാതെ ഇന്നു പ്രചാരമേറുന്ന മറ്റു പല മുസ്‌ലിംവിരുദ്ധ ആശയങ്ങളെയും ചര്‍ച്ചാവിധേയമാക്കുന്നു. അവയെല്ലാം മേല്‍പ്പറഞ്ഞ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടവയല്ല.
കേരളത്തിലെ മുസ്‌ലിംകളുടെ ഭൗതികാവസ്ഥയെക്കുറിച്ചു പറഞ്ഞാല്‍, പലരുടെയും ഉടനുള്ള പ്രതികരണം മുസ്‌ലിം ജനസംഖ്യാവര്‍ധനയുടെ നിരക്കിലുള്ള കയറ്റത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. എന്നാല്‍, സമുദായങ്ങള്‍ തമ്മിലുള്ള ഈ താരതമ്യം തെറ്റാണെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. സമാന സാഹചര്യങ്ങളോ സ്വഭാവങ്ങളോ പങ്കുവയ്ക്കുന്ന വിഭാഗങ്ങളെ മാത്രമേ താരതമ്യം ചെയ്യാവൂ. ഹിന്ദുവെന്നും ക്രിസ്ത്യന്‍ എന്നും മുസ്‌ലിം എന്നും കൊളോണിയല്‍ അധികാരികള്‍ അവരുടെ സൗകര്യത്തിനായി തട്ടിക്കൂട്ടിയെടുത്ത, പില്‍ക്കാലത്ത് സ്വതന്ത്ര ഇന്ത്യയിലെ മേലാളവര്‍ഗം സ്വന്തം താല്‍പ്പര്യസംരക്ഷണത്തിനുതകുംവിധം സ്വീകരിച്ച ഈ സംവര്‍ഗങ്ങള്‍ വെളിപ്പെടുത്തുന്നതിലേറെ മറയ്ക്കുന്നവയാണ്. അവ തുല്യനിലയിലുള്ള മൂന്നു സമുദായങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന തോന്നല്‍ ഉളവാക്കിയേക്കാം. എന്നാല്‍, ഇവ യഥാര്‍ഥത്തില്‍ തുല്യരല്ല. ഈ സമുദായങ്ങള്‍ ഏകശിലാസ്വഭാവമുള്ളവയല്ല. ഹിന്ദുക്കള്‍ക്കുള്ളില്‍ സാമൂഹികവികസനം ഇന്നും ദയനീയ നിലയില്‍ തുടരുന്ന പല വടക്കന്‍ സംസ്ഥാനങ്ങളിലെയും ഹിന്ദുജനസംഖ്യാ വര്‍ധനനിരക്ക് ആ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്ന തെക്കന്‍ സംസ്ഥാനങ്ങളിലെ ഹിന്ദുസമുദായ ജനസംഖ്യാനിരക്കിനേക്കാള്‍ കൂടുതലാണ്. സാമൂഹിക വികസനപക്ഷത്തുനിന്നു നോക്കിക്കൊണ്ട് കേരളത്തിലെ ഹിന്ദുക്കള്‍ ആശങ്കപ്പെടണോ? വടക്കേ ഇന്ത്യന്‍ ഹിന്ദുക്കള്‍ പെറ്റുപെരുകി സര്‍വതും അടിച്ചെടുക്കാന്‍ പദ്ധതിയിടുന്നുവെന്ന് മുറവിളി കൂട്ടണോ? അതോ ഈ വ്യത്യാസം ആശാസ്യമല്ലെന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും സാമൂഹിക വികസന മുന്നേറ്റം കൈവരിക്കണമെന്ന് ആവശ്യപ്പെടണോ?
ജനസംഖ്യാവര്‍ധനയുടെ നിരക്ക് ആദ്യം ഉയര്‍ന്നിട്ടാണ് താഴുന്നതെന്ന് ലോകമെമ്പാടും നിരീക്ഷിക്കപ്പെട്ടിട്ടുണെ്ടന്നും, കേരളത്തിലെ ഒരു സമുദായത്തിന്റെയും ചരിത്രാനുഭവം ഇതില്‍നിന്ന് ഭിന്നമല്ലെന്നും പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞനായ എസ് ഇരുദയരാജന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയുടെ നിരക്ക് മറ്റു സമുദായങ്ങളെപ്പോലെ താഴേക്കു തന്നെയാണ്, അതു കുറഞ്ഞുതുടങ്ങാന്‍ താരതമ്യേന കാലം കൂടുതലെടുത്തെങ്കിലും.
മേല്‍പ്പറഞ്ഞ ഭീതികള്‍ നിലനില്‍ക്കുന്നത് ഓരോ സമുദായത്തിനു പിന്നിലും ഏകീകൃതമായ, എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്ന ഒരു സമുദായമനസ്സുണെ്ടന്ന സങ്കല്‍പ്പത്തിന്മേലാണ്. ഇതു ഭാവന മാത്രമാണ്. ഓരോ സമുദായവും കടന്നുവന്ന ചരിത്രസാഹചര്യങ്ങളാണ് അവയുടെ ജനസംഖ്യാപരമായ സ്വഭാവങ്ങളെ നിര്‍ണയിക്കുന്നത്.
ഈഴവരുടെ കാര്യം തന്നെ എടുക്കുക. 19ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അവര്‍ക്കു ലഭിച്ച വാണിജ്യപരമായ ചില അവസരങ്ങളാണ് പില്‍ക്കാലത്ത് സാമുദായിക ഉണര്‍വിന് വഴിയൊരുക്കിയത്. 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സമുദായത്തിനുള്ളില്‍ സാമുദായികപ്രസ്ഥാനം വഴിയും അല്ലാതെയും ആധുനിക വിദ്യാഭ്യാസവും ജീവിതശൈലികളും ലിംഗനിയമങ്ങളും മറ്റും വ്യാപകമായി. അക്കാലത്ത് അവര്‍ക്കു ലഭ്യമായിരുന്ന വിശാല രാഷ്ട്രീയ-സാംസ്‌കാരിക ചക്രവാളങ്ങള്‍ ഇന്ത്യന്‍ സാമൂഹിക പരിഷ്‌കരണശ്രമങ്ങള്‍ വിഭാവനം ചെയ്ത ഹിന്ദുസമുദായത്തിന്റെയും ഇന്ത്യന്‍ ദേശീയതയുടേതുമായിരുന്നു. അവയില്‍ ഉള്‍ച്ചേര്‍ന്ന് ജാതിക്കപ്പുറമുള്ള ഇടം കണെ്ടത്താനാണ് സമുദായത്തിന്റെ മുഖ്യധാരാ നേതാക്കള്‍ ശ്രമിച്ചത്. ഈ സമുദായക്കാര്‍ക്കിടയില്‍ അണുകുടുംബത്തെക്കുറിച്ചുള്ള ആധുനിക ധാരണകളുടെ പ്രചാരം, വിവാഹപ്രായത്തിലുണ്ടാവുന്ന മാറ്റം (കേവലം സാംസ്‌കാരിക വിശ്വാസങ്ങള്‍ മാത്രമല്ല, തൊഴില്‍സാധ്യതകളും വിദ്യാഭ്യാസവും ഇതിനെ നിര്‍ണയിച്ചു), കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള താല്‍പ്പര്യം, ആരോഗ്യപരമായ നേട്ടങ്ങള്‍, ബാലമരണങ്ങളിലുണ്ടായ കുറവ് മുതലായ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിക്കഴിഞ്ഞാണ് ജനസംഖ്യാപരമായ മാറ്റങ്ങളും ചെറിയ കുടുംബത്തെ തിരഞ്ഞെടുക്കാനുള്ള പ്രവണതയും അവര്‍ക്കിടയില്‍ ദര്‍ശിച്ചുതുടങ്ങിയത്.
നേരെ മറിച്ച്, കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ബ്രിട്ടിഷ് ഭരണകാലം വന്‍ നഷ്ടങ്ങളുടെ കാലമായിരുന്നു. കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ഈ സമുദായത്തിന്റെ സമ്പദ്ശക്തി ഇക്കാലത്ത് പലവിധത്തില്‍ ക്ഷയിച്ചു (ചില അപവാദങ്ങള്‍ ഒഴിച്ചാല്‍). മലബാറിലെ കര്‍ഷകരായ മാപ്പിളമാര്‍ നേരിട്ട പാര്‍ശ്വവല്‍ക്കരണത്തെ എം ഗംഗാധരന്‍, കെ എന്‍ പണിക്കര്‍ തുടങ്ങിയ ചരിത്രപണ്ഡിതര്‍ വിശദമായി പഠിച്ചിട്ടുമുണ്ട്. കൊച്ചിയിലും തിരുവിതാംകൂറിലും കച്ചവടത്തിലൂടെ അഭിവൃദ്ധിപ്രാപിച്ചിരുന്ന ഈ സമുദായക്കാര്‍ക്ക് തീരെ അനുകൂലമല്ലായിരുന്നു ബ്രിട്ടിഷ് ഭരണത്തിന്റെ നയങ്ങള്‍. മാത്രമല്ല, 1929ലെ മഹാമാന്ദ്യകാലത്ത് വീണ്ടും ഈ സമുദായക്കാര്‍ വന്‍നഷ്ടമനുഭവിച്ചു. 1857നു ശേഷം എല്ലാ അധികാരസ്ഥാനങ്ങളില്‍നിന്നും ബ്രിട്ടിഷ് സര്‍ക്കാര്‍ അവരെ ഒഴിച്ചുനിര്‍ത്തിയതിന്റെ അലയൊലി ഇവിടെയും എത്തി. ആധുനിക വിദ്യാഭ്യാസത്തിനായി മുന്നോട്ടുവന്ന മുന്നാക്കസമുദായക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ ജോലികളിലാണ് കണ്ണുവച്ചതെന്നതിന് എത്ര വേണമെങ്കിലും തെളിവുമുണ്ട്. തിരുവിതാംകൂറില്‍ 1918ല്‍ സിവില്‍ അവകാശ ലീഗ് സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ് മുസ്‌ലിം സമുദായക്കാര്‍ക്ക് സര്‍ക്കാരുദ്യോഗം കിട്ടിയത്. അതിനുശേഷമാണ് സാമുദായികപ്രസ്ഥാനങ്ങള്‍ തിരുവിതാംകൂറിലും സജീവമായത്.
1970കള്‍ വരെ ഒരു സാമൂഹികവിഭാഗമെന്ന നിലയ്ക്ക് ദരിദ്രരായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍. 1970നു ശേഷമുണ്ടായ മാറ്റങ്ങള്‍ സമുദായത്തിനുള്ളില്‍ സമത്വമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ആധുനിക സ്വഭാവമുള്ള തിരഞ്ഞെടുക്കലുകള്‍ക്ക് വഴിയൊരുക്കിയെന്നതിനു തെളിവാണ് അവരുടെ താണുവരുന്ന ജനസംഖ്യാ വളര്‍ച്ചാനിരക്ക്. ഈഴവര്‍ക്കിടയില്‍ ഈ മാറ്റമുണ്ടായത് ഞൊടിയിടകൊണ്ടല്ല. അവര്‍ക്കനുവദിച്ച സമയമെങ്കിലും മുസ്‌ലിം സമുദായത്തിന് അനുവദിക്കുന്നതല്ലേ ന്യായം, പ്രത്യേകിച്ച്, നാമെല്ലാം സമുദായവാദങ്ങള്‍ക്കതീതരാണെന്ന് അവകാശപ്പെടുമ്പോള്‍?
ഇവിടെയാണ് മുസ്‌ലിംസമുദായത്തില്‍ അധികവുമുള്ളത് ദരിദ്രരായ മനുഷ്യരാണെന്ന നഗ്‌നസത്യം നമ്മെ തുറിച്ചുനോക്കുന്നത്. ഗള്‍ഫ് പണത്തിന്റെ പളപളപ്പുകണ്ട് ബുദ്ധിജീവികളടക്കം പലരും മറന്നുപോവുന്ന കാര്യമാണിത്. കേരളത്തിലെ മുസ്‌ലിംസമുദായത്തിന് 'പ്രത്യേകിച്ചൊരു പ്രശ്‌നവുമില്ലെ'ന്നു പറയുന്നവര്‍ കാണാന്‍ വിസമ്മതിക്കുന്ന കാര്യവുമാണിത്. എന്നാല്‍, ഡോ. എം കബീറിനെപ്പോലെ മുഖ്യധാരയുമായി സംവദിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞര്‍ ഇത്തരം ധാരണകളുടെ ഉപരിപ്ലവതയെ വെളിപ്പെടുത്തുന്ന പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006ല്‍ പ്രസിദ്ധീകരിച്ച കേരളപഠനം നല്‍കുന്ന വിവരങ്ങളനുസരിച്ച് ഹിന്ദു ഉന്നതജാതിക്കാരും ക്രിസ്ത്യന്‍സമുദായവും മാത്രമാണ് പ്രതിശീര്‍ഷ വരുമാനത്തിന്റെ സംസ്ഥാന ശരാശരിക്ക് (11,250 രൂപ) മുകളില്‍ വരുമാനം നേടുന്നത്. മുസ്‌ലിംസമുദായക്കാരുടെ പ്രതിശീര്‍ഷ വരുമാനം മുന്നാക്കക്കാരുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു മാത്രമാണ്- 9,600 രൂപ. പട്ടികജാതിക്കാരുടേതില്‍ (9,000 രൂപ) നിന്ന് അല്‍പ്പം മാത്രം അകലത്തില്‍. ഗള്‍ഫ് കുടിയേറ്റക്കാരില്‍ നല്ലൊരു പങ്ക് മുസ്‌ലിംകളായിട്ടും ഇതാണു സ്ഥിതി. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പ്രവാസ സര്‍വേ(2011) പ്രകാരം 36.8 ശതമാനം മുസ്‌ലിം വീടുകളിലും ഒന്നോ അതിലധികമോ പ്രവാസികളുണ്ട്. ഹിന്ദുക്കളില്‍ ആ സംഖ്യ 12.4 ആണ്. മുസ്‌ലിം പ്രവാസികള്‍ക്ക് ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമാണുള്ളതെന്നും അവരുടെ ജീവിതനിലവാരം വളരെ ഉയര്‍ന്നതാണെന്നും ഈ പഠനം പറയുന്നു എന്നാല്‍, ഇതുകൊണ്ട് സമുദായത്തിലെ ദരിദ്രരുടെ എണ്ണം ചെറുതാണെന്നു പറയാനാവില്ല. പരിഷത്തിന്റെ കണക്കുപ്രകാരം കേരളത്തിലെ പാവപ്പെട്ടവരില്‍ ഏകദേശം മൂന്നിലൊന്ന് മുസ്‌ലിംകളാണ്.
ഉന്നത വിദ്യാഭ്യാസത്തിലേക്കു കടക്കുന്നവരിലും മുസ്‌ലിംസമുദായം പിന്നിലാണ്. ഗള്‍ഫ് കുടിയേറ്റ സാധ്യതയാണ് ഇതിനു കാരണമെന്ന് സാധാരണ പറയാറുണെ്ടങ്കിലും ഇന്നത്തെ അവസ്ഥയില്‍ ഭൂസ്വത്തുക്കള്‍ കുറവായ ഒരു കുടുംബത്തിന് തൊഴിലിലേക്കു നേരിട്ടു നയിക്കുന്ന ഉന്നത വിദ്യാഭ്യാസം കൂടുതല്‍ക്കൂടുതല്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണല്ലോ. ഡോ. കബീറിന്റെ പഠനപ്രകാരം, 2004ല്‍ കേരളത്തില്‍ പട്ടികജാതിക്കാര്‍ കഴിഞ്ഞാല്‍ ഭൂരഹിതര്‍ ഏറ്റവുമധികമുള്ള വിഭാഗം മുസ്‌ലിംകളാണ്. നാഷനല്‍ സാംപിള്‍ സര്‍വേ കണക്കുകളെയാണ് അദ്ദേഹം അപഗ്രഥിച്ചിട്ടുള്ളത്. ഭൂസ്വത്തെന്നു വിശേഷിപ്പിക്കാവുന്നത് (കേരളത്തില്‍ തീരദേശത്തോ ഇടനാട്ടിലോ മലനാട്ടില്‍പോലുമോ ഒരേക്കറില്‍ കൂടുതലുള്ളവര്‍ ഇന്ന് സാമ്പത്തികശേഷിയുള്ളവരാണ്) കൈവശമുള്ളവരില്‍ ക്രിസ്ത്യന്‍-ഹിന്ദു വിഭാഗക്കാരാണു മുന്നില്‍; 23.24 ശതമാനം ക്രിസ്ത്യാനിവീടുകളും 16 ശതമാനം മുന്നാക്ക ഹിന്ദു വീടുകളും. മുസ്‌ലിംകളില്‍ ഇക്കൂട്ടര്‍ വെറും 9.67 ശതമാനം മാത്രം. ഭൂസ്വത്ത് കഴിഞ്ഞാല്‍ സാമൂഹിക സ്വാധീനത്തിന്റെ അളവുകോലായി എണ്ണാവുന്നത് സ്ഥിരം ഉദ്യോഗമാണ്. ഇവിടെയും നാഷനല്‍ സാംപിള്‍ സര്‍വേ കണക്കുകള്‍ കാണിച്ചുതരുന്നത് മറ്റൊന്നാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരില്‍ ഏറ്റവും വലിയ വിഭാഗം മുസ്‌ലിംകളാണ്. സ്ഥിരശമ്പളം കിട്ടുന്ന ജോലികളില്‍ അവര്‍ വെറും 16.72 ശതമാനം മാത്രം. പട്ടികവര്‍ഗക്കാരുടെ തൊട്ടുമുകളിലാണവര്‍. ഹിന്ദു മേല്‍ജാതിക്കാരാണ് 34.85 ശതമാനവും. കേന്ദ്ര-കേരള സര്‍ക്കാര്‍ ജോലികളില്‍ ബഹുഭൂരിപക്ഷവും നായര്‍-ഈഴവ വിഭാഗക്കാരാണെന്ന് പരിഷത്തിന്റെ പഠനം വെളിപ്പെടുത്തുന്നു- മൊത്തം 43.7 ശതമാനം. മുസ്‌ലിംകള്‍ 11.4 ശതമാനമാണ്. ജനസംഖ്യയുടെ കാല്‍ഭാഗം വരുന്ന ജനതയാണവര്‍ എന്നോര്‍ക്കണം.
ഈ അനീതി നിലനില്‍ക്കുമ്പോഴും ഗള്‍ഫ് കുടിയേറ്റത്തിന്റെ ഫലമായി ശക്തമായ ബൗദ്ധികമുന്നേറ്റം ചെറുപ്പക്കാരിലൂടെ ഈ സമുദായം നേടിയെടുത്തുവെന്ന വസ്തുതയാണ് പലപ്പോഴും അംഗീകരിക്കപ്പെടാതിരിക്കുന്നത്.

(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it