thrissur local

മുസ്‌രിസ് പൈതൃക പദ്ധതി രാജ്യത്തിന്റെ അഭിമാനം: രാഷ്ട്രപതി

കൊടുങ്ങല്ലൂര്‍: ഏറ്റവും വലിയ പൈതൃക പദ്ധതിയായ മുസ്‌രിസ് രാജ്യത്തിന് അഭിമാനമാണെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. പുല്ലൂറ്റ് ഗവ. കെകെടിഎം കോളജില്‍ സംസ്ഥാന പുരാവസ്തു വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി പണികഴിപ്പിച്ച മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 42 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 52 കോടി രൂപയും ചെലവഴിച്ച് പൂര്‍ത്തിയാക്കിയ പൈതൃക പദ്ധതി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.
റിമോട്ട് സംവിധാനത്തിലൂടെ രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. മുസ്‌രിസ് പദ്ധതി പ്രദേശമായ പറവൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ പായക്കപ്പലില്‍ പാശ്ചാത്യ രാജ്യക്കാര്‍ കച്ചവടത്തിനെത്തിയതും പദ്ധതി പ്രദേശത്ത് ഖനനം ചെയ്തു കിട്ടിയ പുരാവസ്തുക്കളുടെ ചരിത്രരേഖകളും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ര്‍ പി സദാശിവം സംസാരിച്ചത്.
ബാബിലോണിയ, ഗ്രീസ്, ഫ്രഞ്ച് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പായക്കപ്പലിലൂടെ കൊടുങ്ങല്ലൂരില്‍ കച്ചവടത്തിനെത്തിയത് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. പൈതൃക സംസ്‌കാരം നിലനിര്‍ത്താനും ചരിത്രസംഭവങ്ങള്‍ വരുംതലമുറയ്ക്ക് മനസ്സിലാക്കാനും വേണ്ട പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവ. കെകെടിഎം കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡില്‍ രാവിലെ 10.40ന് വന്നിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി, ടി എന്‍ പ്രതാപന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനുപമ, എ റാവു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. ഉദ്ഘാടന ദിവസം മുതല്‍ മാര്‍ച്ച് 10 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന വസ്തുക്കള്‍ കാണാന്‍ സൗകര്യം ചെയ്തിട്ടുള്ളതായി ടി എന്‍ പ്രതാപന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it