മുസ്്‌ലിംലീഗ് മൂന്ന് അന്വേഷണ സമിതികളെ നിയമിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ മുസ്്‌ലിംലീഗ് മൂന്ന് അന്വേഷണ സമിതികളെ നിയോഗിച്ചു. ഇന്നലെ ലീഗ് ഹൗസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സമിതികളെ നിയോഗിക്കാന്‍ തീരുമാനമെടുത്തത്. സംസ്ഥാനതലത്തിലെ വോട്ട് ചോര്‍ച്ച പഠിക്കാന്‍ ഒരു സമിതിയും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെയും ഗുരുവായൂര്‍ മണ്ഡലത്തിലെയും തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ രണ്ട് പ്രത്യേക സമിതികളെയുമാണ് നിയോഗിച്ചത്.  ന്യൂനപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിയാതിരുന്നതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഫാഷിസത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഐക്യമുന്നണി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. പ്രചാരണം നടത്തുകയല്ലാതെ ഫാഷിസത്തെ എതിര്‍ക്കുന്നതിന് എല്‍ഡിഎഫ് ഒന്നും ചെയ്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി പലതും നേടിയെന്ന പ്രചാരണം തെറ്റാണ്. ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. അതിനെക്കുറിച്ച് കേരള ജനതയ്ക്ക് ഒരു തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം വിഭാഗം യുഡിഎഫിനെ ശക്തമായി എതിര്‍ത്തു. അത് മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കുന്നതായെന്ന് യോഗം വിലയിരുത്തിയതായും ഇ ടി പറഞ്ഞു. പ്രതികൂല സാഹചര്യമുണ്ടായിട്ടും 18സീറ്റ് നേടി വിജയിക്കാനായതില്‍ പാര്‍ട്ടിക്ക് അഭിമാനമുണ്ട്. ന്യൂനപക്ഷ പ്രസ്താനങ്ങളില്‍ ആധികാരികമായതും നിലനില്‍ക്കാന്‍ അര്‍ഹതയുള്ളതുമായ പാര്‍ട്ടി ലീഗാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതായും ലീഗിന് ബദലായി ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങള്‍ക്ക് മേല്‍വിലാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചിലയിടങ്ങളിലുണ്ടായ തിരിച്ചടി ഗൗരവത്തോടെ കാണും.സംസ്ഥാനതലത്തിലുണ്ടായ വോട്ട്‌ചോര്‍ച്ചയെക്കുറിച്ച് പഠിക്കാനുള്ള സമിതിയില്‍ സംസ്ഥാന ഖജാഞ്ചി പി കെ കെ ബാവ, വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടറി പി എം എ സലാം എന്നിവരാണ് അംഗങ്ങള്‍. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ യു എ ലത്തീഫ്, എസ്ടിയു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ എം റഹ്മത്തുല്ല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ എന്‍ എ ഖാദര്‍ എന്നിവരെയും ഗുരുവായൂരിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ എംഎല്‍എമാരായ വി കെ ഇബ്രാഹീംകുഞ്ഞ്, അഡ്വ എന്‍ ഷംസുദ്ദീന്‍, സംസ്ഥാന സെക്രട്ടറി ടി എം സലീം എന്നിവരെയുമാണ് ചുമതലപ്പെടുത്തിയത്. ഇവര്‍ നല്‍കുന്ന പഠന റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ രണ്ടാംവാരം നേതൃ ക്യാംപ് നടത്തും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപില്‍ വിശദമായ പഠനത്തിന് ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. താനൂരില്‍ വോട്ട്‌ചോര്‍ച്ച ഉണ്ടായിട്ടില്ലാത്തതിനാല്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടില്ല.
Next Story

RELATED STORIES

Share it