മുശര്‍റഫിനെതിരേയുള്ള രാജ്യദ്രോഹക്കുറ്റം; വീണ്ടും അന്വേഷിക്കണമെന്നു പാക് കോടതി

ഇസ്‌ലാമാബാദ്: പാക് മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുശര്‍റഫിനെതിരേയുള്ള രാജ്യദ്രോഹക്കുറ്റം വീണ്ടും അന്വേഷിക്കണമെന്നു പാകിസ്താന്‍ പ്രത്യേക കോടതി. 2007ല്‍ പാക് ഭരണഘടന അട്ടിമറിച്ചെന്ന കേസിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ഡിസംബര്‍ 27നകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ (എഫ്‌ഐഎ) ചുമതലപ്പെടുത്തി. എന്നാല്‍, അന്വേഷണസംഘത്തില്‍ സൈനികരഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണമെന്ന മുശര്‍റഫിന്റെ അഭിഭാഷകന്‍ മുന്നോട്ടുവച്ച ആവശ്യം കോടതി തള്ളി. 2013ല്‍ നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷമാണ് മുശര്‍റഫിന്റെ വിചാരണാനടപടികള്‍ക്കായി മൂന്നംഗ പ്രത്യേക കോടതിയെ നിയമിച്ചത്. ഇതേ വര്‍ഷം ഡിസംബറിലാണ് പ്രത്യേക കോടതി മുശര്‍റഫിന്റെ വിചാരണാനടപടികള്‍ ആരംഭിച്ചത്. 1973ലെ പാക് ഭരണഘടനാ പ്രകാരം ഭരണഘടന അസാധുവാക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അന്വേഷണവേളയില്‍ എഫ്‌ഐഎയുമായി സഹകരിക്കാന്‍ മുശര്‍റഫ് തയ്യാറായിരുന്നില്ല. കോടതി ഉത്തരവിനെതിരേ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ റിവ്യൂഹരജി നല്‍കുമെന്നു മുഷര്‍റഫിന്റെ അഭിഭാഷകന്‍ പറഞ്ഞു. 2014ലാണ് മുശര്‍റഫിനെതിരേ കുറ്റം ചുമത്തിയതെങ്കിലും പല കാരണങ്ങളാല്‍ വിചാരണ തടസ്സപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it