മുവാറ്റുപുഴ വിജിലന്‍സ് കോടതി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: മുവാറ്റുപുഴ വിജിലന്‍സ് കോടതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എറണാകുളം, ഇടുക്കി ജില്ലകളില്‍നിന്നുള്ള 322 കേസുകള്‍ പുതിയ കോടതിയിലേക്കു മാറ്റി. പി മാധവന്‍ വിജിലന്‍സ് കോടതി ജഡ്ജിയായി ഉദ്ഘാടന ദിവസം ചുമതലയേറ്റു.
വിജിലന്‍സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിജിലന്‍സ് ഫലപ്രദമായാല്‍ മാത്രമേ അഴിമതി തടയാന്‍ കഴിയൂ. അതിനാല്‍ നിഷ്പക്ഷമായാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അഴിമതി തടയാന്‍ വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണു വേണ്ടത്. ഇതു ജനത്തിനും ബോധ്യപ്പെടണം. വിജിലന്‍സ് കേസുകളില്‍ തീര്‍പ്പു കല്‍പിക്കുന്നതില്‍ കാലതാമസമുണ്ടാവുന്നത് കേസ് ദുര്‍ബലമാവാന്‍ കാരണമാവുന്നു. സംസ്ഥാനത്ത് ജഡ്ജിമാരുടെ നിയമനത്തിലും കാലതാമസമുണ്ടാവുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതുണ്ട്. കൂടുതല്‍ കേസുകള്‍ കോടതിയിലേക്കു വരാതെ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിജിലന്‍സ് കേരള പദ്ധതി വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മന്ത്രി പി ജെ ജോസഫ് മുഖ്യാതിഥിയായിരുന്നു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ രാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് സി വി ഫ്രാന്‍സിസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ ന്‍ പി തങ്കച്ചന്‍, സെക്രട്ടറി അഡ്വ. അരുണ്‍ ജോസഫ്, വിജില ന്‍സ് അഡീഷനല്‍ ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സംസാരിച്ചു.
2008ല്‍ എറണാകുളം ജില്ലാ കലക്ടറായിരുന്ന മുഹമ്മദ് ഹനീഷിനെതിരേയുള്ള കേസാണ് കോടതി ആദ്യപരിഗണനയ്‌ക്കെടുത്തത്. നിയമ വ്യവസ്ഥകള്‍ പാലിക്കാതെ ഭൂമി പിടിച്ചെടുക്കുന്നതിന് ഫെഡറല്‍ ബാങ്കിന് സഹായം ചെയ്തുവെന്നു കാണിച്ച് അഡ്വ. വര്‍ഗീസ് മുണ്ടയ്ക്കല്‍ നല്‍കിയ പരാതി സംബന്ധിച്ചാണ് കേസ്.
ജില്ലാ കേന്ദ്രങ്ങളില്‍ മാത്രമാണ് വിജിലന്‍സ് കോടതികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനൊരു മാറ്റമാണ് മൂവാറ്റുപുഴ. തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കോഴിക്കോട് എന്നീ നാല് സ്ഥലങ്ങളില്‍ മാത്രമാണ് വിജിലന്‍സ് കോടതിയുള്ളത്. സംസ്ഥാനത്തെ അഞ്ചാമത്തെ വിജിലന്‍സ് കോടതിയാണ് മൂവാറ്റുപുഴ. ആറാമത്തെ കോടതി തലശ്ശേരിയില്‍ തുടങ്ങാന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it