kannur local

മുഴപ്പിലങ്ങാട് ബീച്ച് സാമൂഹികവിരുദ്ധരുടെ താവളമാവുന്നു

തലശ്ശേരി: കമിതാക്കളെയും മറ്റും ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ബീച്ചില്‍ വിലസുന്നു. സംസ്ഥാനത്തെ തന്നെ പ്രധാന ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്ടെ ശ്മശാനം ഭാഗത്താണ് സാമൂഹിക വിരുദ്ധരുടെ പ്രധാനതാവളം.
കോളജ് കാംപസുകളില്‍ നിന്നു ബീച്ചുകളിലെത്തുന്ന വിദ്യാര്‍ഥിനികളും കമിതാക്കളുമാണ് സംഘത്തിന്റെ പ്രധാന ഇരകള്‍. അഞ്ച് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ഇരു ഭാഗങ്ങളിലും സാമാന്യം ചെറിയ കാടുകളുണ്ട്. മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍ പാലത്തിന് സമീപത്ത് കൂടെ ബീച്ചിലെത്തുന്ന കോളജ് കുട്ടികള്‍ പലപ്പോഴും ഇരിക്കാനും സംസാരിക്കാനും ചെലവഴിക്കുന്നത് കാറ്റാടി മരങ്ങളും കൈതകളും വളര്‍ന്ന ഈ ഭാഗമാണ്. ഇത്തരത്തിലെത്തുന്നവരില്‍ കമിതാക്കളുടെ ചേഷ്ടകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്ന സംഘം കുട്ടികള്‍ തിരിച്ചുപോവുമ്പോള്‍ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും കൈക്കലാക്കുകയാണ്.
ആവശ്യപ്പെടുന്ന തുക നല്‍കാനില്ലാത്ത കുട്ടികളില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ അഴിച്ച് വാങ്ങിയ സന്ദര്‍ഭങ്ങള്‍ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് സംഭവം പുറത്തുപറയാന്‍ കഴിയാത്തതും പരാതി നല്‍കാനാവാത്തതും സംഘത്തിന് പുതിയ ഇരകളെ തേടാന്‍ വഴി ഒരുക്കുകയാണ്.—എന്നാല്‍ ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാനോ തടയാനോ ബന്ധപ്പെട്ട പോലിസ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ബീച്ചില്‍ നിശ്ചയിച്ച ഡ്യൂട്ടി ചെയ്യാതെ മുങ്ങുന്ന പോലിസുകാരുണ്ടെന്നും ആരോപണമുണ്ട്. ബീച്ചില്‍ സ്ഥിരം പോലിസ് സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ അഞ്ച് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബീച്ചില്‍ ഏതെങ്കിലും ഒരു ഭാഗത്ത് കുട്ടികളെത്തുന്നത് തടയാനും കഴിയില്ല. അതിനാല്‍ ബീച്ചില്‍ സ്ഥിരം പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.—
ബീച്ചില്‍ നിന്ന് അകലെയല്ലാത്ത രണ്ട് സര്‍ക്കാര്‍ കോളജുകളില്‍ നിന്നും ഒരു സാങ്കേതിക പഠന സ്ഥാപനത്തില്‍ നിന്നുമാണ് ക്ലാസുകള്‍ കട്ട് ചെയ്ത് കുട്ടികള്‍ ബീച്ചിലെത്തുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്.— ഇതിനുപുറമെ, കഞ്ചാവ് വില്‍പനയും മറ്റും വ്യാപകമായി മാറിയിട്ടുണ്ട്. പോലിസ് ജാഗ്രത പാലിക്കാത്തത് വന്‍ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണ് പരിസരവാസികളുടെയും ആശങ്ക.—
Next Story

RELATED STORIES

Share it