kannur local

മുഴക്കുന്ന് പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

ഇരിട്ടി: രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തനം തുടങ്ങാതിരുന്ന മുഴക്കുന്ന് പോലിസ് സ്‌റ്റേഷന്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഇരിട്ടി ഡിവൈഎസ്പി കെ സുദര്‍ശന്‍, സിഐ വി ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരിട്ടി അഡീഷനല്‍ എസ്‌ഐ ആയിരുന്ന എ ജെ ഫിലിപ്പിനാണ് സ്‌റ്റേഷന്റെ ചുമതല. കാക്കയങ്ങാട് പാലപ്പുഴ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുക.
ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് അന്നത്തെ മന്ത്രി കെ സി ജോസഫാണു പോലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്റെ തലേദിവസം തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. പോലിസ് സ്‌റ്റേഷന് അനുമതി ആയതോടെ ഉദ്ഘാടനത്തിന്റെ തലേദിവസം തന്നെ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് തിരക്കിട്ട് ഒറ്റ രാത്രികൊണ്ട് ഇതിനായുള്ള കെട്ടിടം കണ്ടെത്തുകയും സൗകര്യങ്ങള്‍ ഒരുക്കുകയുമായിരുന്നു. എന്നാല്‍ അടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പ്രവര്‍ത്തിക്കാനുള്ള കെട്ടിടം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാനുള്ള താമസവും മറ്റും കാരണം പ്രവര്‍ത്തനം നീണ്ടുപോയി.
ഒരു പ്രിന്‍സിപ്പല്‍ എസ്‌ഐ, 2 അഡീഷനല്‍ എസ്‌ഐമാര്‍, 8 സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍, 2 സിവില്‍ പോലിസ് ഓഫിസര്‍മാര്‍, 1 വനിതാ സിവില്‍ ഓഫിസര്‍, ഒരു െ്രെഡവര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ തസ്തിക അനുവദിച്ചിരിക്കുന്നത്. ആകെ 44 പേരുടെ തസ്തിക ഉണ്ടെങ്കിലും മുഴുവന്‍ നിയമനവും ക്രമേണ മാത്രമേ നടക്കൂ. ഇരിട്ടി പോലിസ് സ്‌റ്റേഷന്റെ പരിധിയിലായിരുന്ന മുഴക്കുന്ന് പഞ്ചായത്തും മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്ന തില്ലങ്കേരി പഞ്ചായത്തും ഈ പോലിസ് സ്‌റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇതോടെ ഇരിട്ടി പോലിസ് സ്‌റ്റേഷന്റെ ഭാരം ഒരു പരിധിവരെ കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it