wayanad local

മുള്ളന്‍കൊല്ലി ഫയര്‍‌സ്റ്റേഷന്‍ ഇനിയും യാഥാര്‍ഥ്യമായില്ല

പുല്‍പ്പള്ളി: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുതീ പതിവായിട്ടും മുള്ളന്‍കൊല്ലിയില്‍ അനുവദിച്ച ഫയര്‍‌സ്റ്റേഷന്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം പുല്‍പ്പള്ളി ടൗണിനടുത്തുള്ള എസ്എന്‍ കോളജ് ഗ്രൗണ്ടില്‍ തീപ്പിടിത്തമുണ്ടായപ്പോഴും ഒന്നര മണിക്കൂറിന് ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് ഫയര്‍ഫോഴ്‌സ് എത്തിയത്.
വൈകീട്ട് മൂന്നോടെ കോളജിനടുത്തുള്ള കൃഷിയിടത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തീ വ്യാപിച്ച് കോളജ് ഗ്രൗണ്ടില്‍ വരെയെത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പ്രയത്‌നിച്ച് ഒരു മണിക്കൂറിനു ശേഷമാണ് തീയണച്ചത്. അഗ്നിബാധ അറിഞ്ഞപ്പോള്‍ തന്നെ പുല്‍പ്പള്ളി പോലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും അവിടെനിന്നു സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തിരുന്നു.
എല്ലാ വേനലിലും വനത്തിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും പുല്‍പ്പള്ളി ടൗണില്‍ പോലും തീപ്പിടിത്തമുണ്ടാവാറുണ്ട്. നാലു ദിവസം മുമ്പ് വെട്ടത്തൂര്‍ വനത്തിലും അതിനു തലേന്ന് പൊളന്ന വനത്തിലും കാട്ടുതീയുണ്ടായി. കരിഞ്ഞുണങ്ങിയ മുളങ്കൂട്ടങ്ങള്‍ക്ക് തീപ്പിടിച്ചാണ് കാട് കത്തിയത്. ആദിവാസികളും വനപാലകരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.
വണ്ടിക്കടവിന് സമീപം കന്നാരംപുഴ വനമേഖലയിലും കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായി. വനാതിര്‍ത്തിയില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി അണച്ചു. ഇതോടെ വന്‍ ദുരന്തം ഒഴിവായി.
ഇത്തരം സാഹചര്യങ്ങളിലൊക്കെ 40 കിലോമീറ്റര്‍ ദൂരെ നിന്നു വേണം ഫയര്‍ഫോഴ്‌സ് എത്താന്‍. അതിനാല്‍ തന്നെ അവരെത്തുമ്പോഴേക്കും കത്തിച്ചാമ്പലായിരിക്കും. രണ്ടു വര്‍ഷം മുമ്പാണ് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഫയര്‍‌സ്റ്റേഷന്‍ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായത്.
Next Story

RELATED STORIES

Share it