സിറാജുദ്ദീന്‍ ഹഖാനി താലിബാന്‍ നേതാവായേക്കും

സിറാജുദ്ദീന്‍ ഹഖാനി താലിബാന്‍ നേതാവായേക്കും
X
sirajudhin-haqani

പെഷാവര്‍: യുഎസ് സര്‍ക്കാര്‍ തലയ്ക്ക് 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച സിറാജുദ്ദീന്‍ ഹഖാനി അടുത്ത താലിബാന്‍ നേതാവായേക്കുമെന്ന് സൂചന. താലിബാനിലെ ഏറ്റവും അപകടകാരിയായി യുഎസും അഫ്ഗാന്‍ സര്‍ക്കാരും കണക്കാക്കിപ്പോരുന്ന ഹഖാനി, അഫ്ഗാനിലെ ഒളിപ്പോര്‍ സംഘത്തിന്റെ കമാന്‍ഡറാണ്.
കഴിഞ്ഞ മാസം കാബൂളില്‍ 64 പേരുടെ മരണത്തിനിടയാക്കിയ ആക്രമണമുള്‍പ്പെടെ അഫ്ഗാനിലുണ്ടായ നിരവധി വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത് ഹഖാനിയാണെന്നാണ് കരുതുന്നത്. ഹഖാനി അടുത്ത നേതാവായാല്‍ താലിബാന് ശക്തമായ നേതൃത്വമാവും ഉണ്ടാവുകയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 1979ല്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തിനെതിരേ പോരാട്ടം നടത്താന്‍ രൂപീകരിച്ച മുജാഹിദീന്‍ സംഘടനയുടെ നേതാവാണ് ഹഖാനിയുടെ പിതാവ് ജലാലുദ്ദീന്‍ ഹഖാനി.
മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗം ചാര്‍ലി വില്‍സണ്‍ ജലാലുദ്ദീനെ വിശേഷിപ്പിച്ചത് നന്മയുടെ ആള്‍രൂപമെന്നാണ്. അതേസമയം, യുഎസ് വ്യോമാക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സ്ഥിരീകരിച്ചു.
അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ പ്രധാനപ്പെട്ട നാഴികക്കല്ലാണിതെന്ന് ഒബാമ പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരുമായുള്ള സമാധാനചര്‍ച്ചയ്ക്കുള്ള അവസരം തള്ളിക്കളഞ്ഞയാളാണ് മുല്ല അക്തറെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് മുല്ല അക്തര്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it