മുല്ലപ്പെരിയാറില്‍ പിണറായിക്ക് മനംമാറ്റം; പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മനംമാറ്റവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ ഡാം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിക്കേണ്ടത് കേരളവും തമിഴ്‌നാടും ചേര്‍ന്നാണ്. രണ്ടുകൂട്ടരുടെയും സമ്മതപ്രകാരമുള്ള തീരുമാനമാണു വേണ്ടത്. നാലു കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം കെട്ടാനാവില്ല. അതിന് തമിഴ്‌നാടിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹകരണം വേണം. മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ തന്നെ വന്നുകണ്ടിരുന്നു. സര്‍ക്കാര്‍ നിലപാടും അവരുടെ നിലപാടും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ക്ക് ബോധ്യമായെന്നും പിണറായി പറഞ്ഞു.
സുപ്രിംകോടതി വിധി സംസ്ഥാനത്തിന് എതിരായി നിലനില്‍ക്കുന്നുണ്ട്. ഡാമിന് ബലമില്ല എന്ന് പറയുമ്പോള്‍ അത് സമര്‍ഥിക്കാന്‍ നമുക്കു കഴിയണം. അക്കാര്യം മനസ്സിലാക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധസമിതിയെ വയ്ക്കണം. രാജ്യാന്തരതലത്തിലുള്ള വിദഗ്ധരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചുവരുന്നുണ്ട്. വിദഗ്ധസമിതിയെക്കൊണ്ട് ഡാമിന്റെ ബലക്ഷയം പരിശോധിപ്പിക്കും. സമിതിയുടെ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും പിണറായി അറിയിച്ചു. ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷമല്ല വേണ്ടത്. ചര്‍ച്ചയിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. അയല്‍ക്കാരുമായി നല്ല ബന്ധം വേണം. അതിനായാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പിണറായി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ ഏകപക്ഷീയമായി കേരളത്തിന് അണക്കെട്ട് നിര്‍മിക്കാനാവില്ലെന്ന് പിണറായി മുമ്പു പ്രഖ്യാപിച്ചത് വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു.
ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത വിവാദങ്ങളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. തെറ്റുചെയ്തവര്‍ ശിക്ഷ നേരിടേണ്ടിവരുന്നത് സര്‍ക്കാരിന്റെ പ്രതികാര നടപടിയല്ല. അഴിമതികാണിച്ചവര്‍ ആരായാലും ശക്തമായ നിയമനടപടി നേരിടേണ്ടിവരും. കുടുംബക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലത്. അതിനുള്ള അവസരം അവര്‍ തന്നെ ഉണ്ടാക്കണം. സകലരംഗത്തും അഴിമതിയാണെന്നും പഴയ ശീലം വച്ച് പുതിയ കാലത്ത് പെരുമാറരുതെന്നും പിണറായി ഓര്‍മിപ്പിച്ചു. ഇതിനെ സര്‍ക്കാരിന്റെ പ്രതികാരനടപടിയായി വിശേഷിപ്പിക്കേണ്ടതില്ല. ആരോടും പ്രതികാരം ചെയ്യാനല്ല അധികാരത്തിലെത്തിയത്. നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ ക്രമം വിട്ട് ഒന്നും ചെയ്യില്ലെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it