Idukki local

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 പിന്നിട്ടു; ജില്ലാ ഭരണകൂടം ഉറക്കത്തില്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുമ്പോഴും പെരിയാര്‍ തീരത്ത് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാതെ ജില്ലാ ഭരണകൂടം. മുന്‍കാലങ്ങളില്‍ ബഹളം വച്ചു മറ്റാളുകളുടെ പോലും ഉറക്കം നഷ്ടപ്പെടുത്തിയ രാഷ്ട്രീയനേതാക്കന്മാരോ മുല്ലപ്പെരിയാര്‍ സമര സമിതിയോ ഇന്നിപ്പോള്‍ കളത്തിലില്ല. മലനിരകളില്‍ ശക്തമായ മഴ തുടരുന്നതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണം.
കാലപ്പഴക്കത്താല്‍ ഭീഷണി ഉയര്‍ത്തുന്ന അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നത് തീരദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 137 അടി പിന്നിട്ടിട്ടും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടം താല്‍പര്യം കാട്ടിയിട്ടില്ല.
മഴ തുടര്‍ന്നാല്‍ തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന പ്രഖ്യാപനമാണ് തിങ്കളാഴ്ച ജില്ലാ ഭരണകൂടം നടത്തിയത്. എന്നാല്‍ ഇത്രയധികം ആളുകളെ എവിടേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് ആലോചിക്കുകയോ പോലിസ്-അഗ്നിശമന സേനാ വിഭാഗങ്ങളുടെയും റവന്യു ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തുയോ ചെയ്തിട്ടില്ല.
ജനജാഗ്രതാ സമിതി ചേര്‍ന്നിട്ടില്ലെന്നു മാത്രമല്ല പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം പോലും നടത്തിയിട്ടില്ല. പെരിയാര്‍ തീരത്തെ വില്ലേജ് ഓഫിസുകളും മറ്റും കേന്ദ്രമാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റും കണ്‍ട്രോള്‍ റൂമുകളും തുറക്കാനും നടപടിയായിട്ടില്ല.
മുന്നറിയിപ്പു സംവിധാനമായ ഏര്‍ളി വാണിങ് സിസ്റ്റം പലയിടത്തും കാര്യക്ഷമമല്ല. ഉപ്പുതറ വില്ലേജ് ഓഫീസിലെ ഏര്‍ളി വാണിങ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ വിദഗ്ധര്‍ ഇല്ലാത്ത സ്ഥിതിയാണ്. ഇതിനാല്‍ ഈ ഉപകരണം പ്രവര്‍ത്തന ക്ഷമമാണോയെന്നുപോലും അറിയാന്‍ കഴിയുന്നില്ല.
Next Story

RELATED STORIES

Share it