മുല്ലപ്പെരിയാര്‍ സുരക്ഷിതം; പുതിയ അണക്കെട്ട് നിര്‍മിക്കേണ്ട ആവശ്യമില്ല: ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും തകരുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിസ് കെ ടി തോമസ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ഘട്ടങ്ങളിലായി നടന്ന ബലപ്പെടുത്തലോടെ അണക്കെട്ട് പുതിയതിനു തുല്യമായി. ഒന്നാംഘട്ടത്തില്‍ ഒരു മീറ്ററില്‍ 12 ടണ്‍ എന്ന കണക്കില്‍ 372 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തു. രണ്ടാംഘട്ടത്തില്‍ 103 സ്റ്റീല്‍ തൂണുകള്‍കൊണ്ട് ബലപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ 10 മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചു. മലയാളിയായ ഡാം നിര്‍മാണ വിദഗ്ധനാണ് നേതൃത്വം നല്‍കിയത്. 94 വയസ്സ് കഴിഞ്ഞ തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം പലരെയും ഭയന്നാണ് മാധ്യമങ്ങള്‍ക്കു മുമ്പിലെത്താത്തത്. ഏഴുകോടിയിലധികം രൂപ കേസ് നടത്തിപ്പിനായി കേരളം ചെലവഴിച്ചിട്ടും തങ്ങളുടെ വാദം അംഗീകരിപ്പിക്കാനായില്ല. ജലസേചനത്തിനായി കേരളം തമിഴ്‌നാടിനു നല്‍കുന്ന വെള്ളം ഉപയോഗിച്ച് അവര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈ വൈദ്യുതിയുടെ പകുതി കുറഞ്ഞ നിരക്കില്‍ കേരളത്തിന് നല്‍കാന്‍ അവര്‍ തയ്യാറാണ്.
കത്ത് നല്‍കിയാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം ശരിവയ്ക്കുമെന്നു ഭയന്നാണ് കേരളം ആവശ്യപ്പെടാത്തത്. സുരക്ഷാഭീഷണി മുഴക്കുന്ന മന്ത്രിമാരെങ്കിലും ഉന്നതാധികാരസമിതി തയ്യാറാക്കിയ 5000 പേജുള്ള റിപോര്‍ട്ടിന്റെ ഉള്ളടക്കം മനസ്സിലാക്കണം. ഉന്നതാധികാരസമിതി നടത്തിയ പഠനത്തില്‍ ഭൂകമ്പം മൂലം അണക്കെട്ടിന്റെ ഒരു കല്ലുപോലും ഇളകിയിട്ടില്ലെന്നു കണ്ടെത്തി. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ കമ്മിറ്റിയെ നിയോഗിക്കണം. ജലനിരപ്പ് 136 അടിയില്‍ തന്നെ നിലനിര്‍ത്തുന്നതാണ് ജൈവവൈവിധ്യം പരിരക്ഷിക്കാന്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it