മുല്ലപ്പെരിയാര്‍: സീപ്പേജ് വെള്ളത്തില്‍ വന്‍ വര്‍ധന

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു പുറത്തേക്ക് വരുന്ന സീപ്പേജ് വെള്ളത്തില്‍ വന്‍ വര്‍ധനവുള്ളതായി ഉപസമിതി. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദ്ദമാപിനികള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ഉപസമിതി പരിശോധനയില്‍ കണ്ടെത്തി.
മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഉപസമിതി രണ്ടാം ദിവസവും അണക്കെട്ടില്‍ പരിശോധന നടത്തിയത്. രാവിലെ മുല്ലപ്പെരിയാറിലെത്തിയ സംഘം അണക്കെട്ടിന്റെ പരിശോധനാ ഗാലറിയിലൂടെ ഒലിച്ചിറങ്ങുന്ന സീപ്പേജ് വെള്ളത്തിന്റെ അളവാണ് ആദ്യം പരിശോധിച്ചത്. സെക്കന്റില്‍ 129.917 ലിറ്റര്‍ വെള്ളമാണ് ഇതുവഴി ഒലിച്ചിറങ്ങുന്നത്. ശനിയാഴ്ച നടത്തിയ പരിശോധനയിലിത് 115.548 ലിറ്ററായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ 14 ലിറ്ററോളം വെള്ളത്തിന്റെ അളവ് വര്‍ധിച്ചു.
എന്നാല്‍, അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. ശനിയാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 138.3 അടിയായിരുന്നു. ഇന്നലെ രണ്ട് പോയിന്റ് വര്‍ധിച്ച് 138.5 അടിയായി ഉയരുകമാത്രമാണ് ചെയ്തത്. അണക്കെട്ടിന്റെ പരിശോധനാ ഗാലറിക്കുള്ളില്‍ 14 മര്‍ദ്ദമാപിനികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമേ പ്രവര്‍ത്തനക്ഷമതയുള്ളൂവെന്നും സമിതി കണ്ടെത്തി.
കേരളത്തിന്റെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചാണ് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉപസമിതി തീരുമാനിച്ചത്. ഈ മാസം ആദ്യം ഉപസമിതി യോഗം ചേര്‍ന്നപ്പോള്‍ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ നടന്ന പരിശോധനകളോട് തമിഴ്‌നാട് സഹകരിച്ചില്ല.
ഉപസമിതി ചെയര്‍മാന്റെ അനുമതിയോടെയാണ് കേരളം സീപ്പേജ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചതും മര്‍ദ്ദമാപിനികളുടെ ക്ഷമത പരിശോധിച്ചതും. അണക്കെട്ടിലുള്ള മര്‍ദ്ദമാപിനികള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കണമെന്ന് മേല്‍നോട്ടസമിതി മുമ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് ഈ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണ് ചെയ്തത്. ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേരളം ഇന്ന് ചേരുന്ന മേല്‍നോട്ടസമിതിയുടെ ശ്രദ്ധയില്‍കൊണ്ടുവരും. എല്‍ എ വി നാഥന്‍ ചെയര്‍മാനായ മേല്‍നോട്ടസമിതിയില്‍ കേരളത്തില്‍നിന്നുള്ള വി ജെ കുര്യനും തമിഴ്‌നാട്ടില്‍നിന്നുള്ള പളനിസ്വാമിയും അംഗങ്ങളാണ്. ഇന്ന് രാവിലെ അണക്കെട്ടില്‍ പരിശോധന നടത്തുന്ന മേല്‍നോട്ടസമിതി വൈകീട്ട് കുമളിയില്‍ യോഗം ചേരും.
Next Story

RELATED STORIES

Share it