Idukki local

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന്

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ലെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ആണ് നിലകൊള്ളുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആശങ്ക പങ്ക് വച്ചപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്.
ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് സുപ്രിം കോടതിയുടെയും ഉന്നതാധികാര സമിതിയുടേയും റിപോര്‍ട്ടുകള്‍ കേരളത്തിനെതിരായി നില്‍ക്കുന്നത് അവഗണിച്ചുകൊണ്ട് മുന്നോട്ട് പോവാനാവില്ലെന്നും ഇതിനെ മറികടക്കാന്‍ മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടതെന്നുമാണ് തന്റെ നിലപാട്. ഇതിനെ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഡാമുകളുടെ സുരക്ഷയെപറ്റി പഠിക്കുന്ന വൈദഗ്ധ്യമുള്ള ഏജന്‍സികള്‍ വിദേശത്തുണ്ട്. അങ്ങിനെയുള്ളവരില്‍ മികച്ച ഏജന്‍സിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് നിഷ്പക്ഷമായി പഠനം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ഡാമില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ഉത്കണ്ഠ അറിയിച്ച സമരസമിതി നേതാക്കളോട്, ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ് നാടിന്റെ ശ്രമങ്ങള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പിണറായി ഉറപ്പ് നല്‍കി.
തമിഴ്‌നാടിനോട് ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു എന്നും മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ സംതൃപ്തരാണെന്നും മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.ഇ എസ് ബിജിമോള്‍ എം.എല്‍.എ ക്കൊപ്പം കെ എന്‍ മോഹന്‍ദാസ് (സമരസമിതി ചെയര്‍മാന്‍), ഷാജി (വൈസ് ചെയര്‍മാന്‍), ഫാ.റോബിന്‍ പെണ്ടാനത് (മുഖ്യരക്ഷാധികാരി), അഡ്വ. സ്റ്റീഫന്‍ ഐസക് (നിയമോപദേഷ്ട്ടാവ്), കെ പി എം സുനില്‍ (ട്രെഷറര്‍) എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയത്.
Next Story

RELATED STORIES

Share it