മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി 30ന് അണക്കെട്ട് സന്ദര്‍ശിക്കും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടി പിന്നിട്ടതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി 30ന് അണക്കെട്ടു സന്ദര്‍ശിക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. വൃഷ്ടിപ്രദേശത്തു പെയ്യുന്ന കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പുയരാന്‍ കാരണം. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു വേണ്ടി എല്‍ എ വി നാഥന്‍ ചെയര്‍മാനായുള്ള, സുപ്രിംകോടതി മേല്‍നോട്ട സമിതി 30ന് അണക്കെട്ടു സന്ദര്‍ശിക്കും. വൃഷ്ടിപ്രദേശത്തു പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വൈകീട്ടോടെയാണ് 135.1 അടിയിലെത്തിയത്. ശക്തമായ നീരൊഴുക്കാണ് അണക്കെട്ടിലേക്കുള്ളത്. അണക്കെട്ടു മേഖലയില്‍ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.
ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് സെക്കന്റില്‍ 5108 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തേക്കടിയില്‍ 2.2 മില്ലീമീറ്ററും പെരിയാര്‍ വനമേഖലയില്‍ 3.4 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ജലം എടുക്കുന്നതിന്റെ അളവ് ഇനിയും കുറയ്ക്കാനാണു സാധ്യത. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
72 അടി സംഭരണശേഷിയുള്ള വൈഗയിലെ ജലനിരപ്പ് 62.7 അടിയാണ്. 5329 ഘനയടിയാണ് വൈഗയിലേക്കുള്ള നീരൊഴുക്ക്. സുപ്രിംകോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ 21നാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.
അണക്കെട്ടിന് ബലക്ഷയമില്ലെന്നു വരുത്തിത്തീര്‍ക്കുന്നതിനായി ഈ വര്‍ഷവും ജലനിരപ്പ് 142 അടിയിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കാര്യമായി കുറച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സെക്കന്റില്‍ 1200 ഘനയടി വെള്ളമാണ് കൊണ്ടുപോയിരുന്നത് ഇപ്പോള്‍ 511 ഘനയടിയായി കുറച്ചു. കഴിഞ്ഞ ജൂണ്‍ 22നാണ് സമിതി ഏറ്റവും ഒടുവില്‍ അണക്കെട്ടു സന്ദര്‍ശിച്ചത്. ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള സമിതി അണക്കെട്ടു സന്ദര്‍ശിച്ച ശേഷം കുമളിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
Next Story

RELATED STORIES

Share it