മുല്ലപ്പെരിയാര്‍: പിണറായിയുടെ നിലപാടിനെതിരേ വി എസ്; ആശങ്കയുണ്ട്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിഎസ് കത്തുനല്‍കി. മുല്ലപ്പെരിയാറിനെ സംബന്ധിച്ച പിണറായിയുടെ പ്രസ്താവന ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ പിണറായി സ്വീകരിച്ചിരിക്കുന്ന നിലപാട് എല്‍ഡിഎഫില്‍ ഉണ്ടാക്കിയിരുന്ന ധാരണകള്‍ക്കു വിരുദ്ധമാണ്. പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് വ്യക്തത വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയം പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്‌തോയെന്നു തനിക്കറിയില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് വിഎസിന്റെ കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മുല്ലപ്പെരിയാറില്‍ എല്‍ഡിഎഫിനുള്ളില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കെ പിണറായിയെ തള്ളി വിഎസ് കൂടി രംഗത്തുവന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്.
അതിനിടെ, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാറ്റം ദുരൂഹമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നിരവധി ആശങ്കകള്‍ ജനങ്ങളുടെ മുമ്പിലുണ്ട്. ജനങ്ങളില്‍ നിന്നു പണം പിരിച്ച് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രസംഗിച്ച വിഎസ് സര്‍ക്കാരിന്റെ നിലപാടുമാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവണം.
അണക്കെട്ടിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാന താല്‍പര്യങ്ങള്‍ക്കു ഹാനികരമാണ്. നാലോളം നിയമസഭാ പ്രമേയങ്ങളും ഒരു ഡസനിലേറെ സംയുക്ത നിവേദകസംഘങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിന്നു ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 120 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനും അടങ്ങുന്ന സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ കണ്ട് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഇപ്പോള്‍ വേണമെന്ന് തോന്നുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
Next Story

RELATED STORIES

Share it