മുല്ലപ്പെരിയാര്‍; തമിഴ്‌നാട് അതിര്‍ത്തിയില്‍ റോഡ് ഉപരോധം നാളെ

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാടിനെതിരേ ഞായറാഴ്ച വിവിധ സംഘടനകള്‍ തമിഴ്‌നാട്ടില്‍ വാഹനങ്ങള്‍ തടയും. സുപ്രിംകോടതി വിധി മറികടന്ന് കേരളം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണു വിവിധ തമിഴ് സംഘടനകള്‍ പ്രതിഷേധസമരവുമായി വീണ്ടും രംഗത്തെത്തിയത്.
ഫോര്‍വേഡ് ബ്ലോക്ക്, വിടുതലൈ ചിരുതൈകള്‍ കക്ഷി, തമിഴ്‌നാട് ദേശീയ ഇയക്കം, കേരളാ തമിഴ് കൂട്ടമയ്പ്പ് തുടങ്ങിയ സംഘടനകളാണു സമരത്തിനു നേതൃത്വംനല്‍കുന്നത്. ഞായറാഴ്ച രാവിലെ 10 മുതല്‍ തേനി ജില്ലയിലെ ഗൂഢല്ലൂരിലാണു സമരം സംഘടിപ്പിച്ചിട്ടുള്ളത്. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണു മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കണ്ടത് തമിഴ് ജനതയോടുള്ള വെല്ലുവിളിയും സുപ്രിംകോടതി ഉത്തരവിന്റെ ലംഘനവുമാണെന്നു സമരക്കാര്‍ ആരോപിക്കുന്നു.
സമരത്തിന്റെ ഭാഗമായി കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ തടയുമെന്നാണു സംഘാടകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 27ന് കേരളാ- തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിക്കു സമീപം ഗൂഢല്ലൂരില്‍ ഉപവാസസമരം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശബരിമല സീസണായതിനാല്‍ ഈ സമരത്തിനു തമിഴ്‌നാട് പോലിസ് അനുമതിനല്‍കിയില്ല. ഇതേത്തുടര്‍ന്ന് ജനുവരി രണ്ടിലേക്കു സമരം മാറ്റി. പിന്നീട് മറ്റു കാരണങ്ങളാല്‍ മൂന്നാം തിയ്യതിയിലേക്കു സമരം മാറ്റുകയായിരുന്നു. മൂന്നാം തിയ്യതിയിലെ സമരത്തിനും അനുമതി ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാല്‍ പോലിസ് അനുമതി ലഭിച്ചില്ലെങ്കിലും സമരം നടത്തുമെന്ന നിലപാടിലാണു സംഘാടകര്‍.
Next Story

RELATED STORIES

Share it