മുല്ലപ്പെരിയാര്‍: തമിഴ്‌നാട് വ്യവസ്ഥകള്‍ ലംഘിച്ചു; കേരളം സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ തമിഴ്‌നാട് ലംഘിച്ചതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. അണക്കെട്ടില്‍ സുപ്രിംകോടതി നിശ്ചയിച്ച സംഭരണശേഷിയിലെത്തിയിട്ടും നടപടിക്രമങ്ങള്‍ പാലിക്കാതെ തമിഴ്‌നാട് ഷട്ടര്‍ തുറന്നു വെള്ളം ഒഴുക്കിവിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് കേരളം കോടതിയെ സമീപിക്കുന്നത്.
ഡാമിന്റെ സുരക്ഷ അന്തര്‍ദേശീയ വിദഗ്ധര്‍ പരിശോധിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടും. കേരളത്തിലെ അഞ്ചു ജില്ലകളുടെ സുരക്ഷിതത്വം ചൂണ്ടിക്കാണിച്ചിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകടഭീഷണിയുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി എന്നിവരെ നേരില്‍ കാണും. ഇന്നു ഡല്‍ഹിയില്‍ പോകുന്ന അവസരത്തില്‍ നാളെയോ മറ്റന്നാളോ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാടിന്റെ നടപടിക്കെതിരേ ഭരണപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ ജനങ്ങളുടെ ഭീതിയെക്കുറിച്ച് യാതൊരു ആശങ്കയും പ്രകടിപ്പിക്കാത്ത തമിഴ്‌നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഷട്ടര്‍ തുറക്കുന്നതിന്റെ 12 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് സ്പില്‍വേയുടെ ഏഴു ഷട്ടറുകള്‍ തുറന്നതെന്ന് മന്ത്രി പി ജെ ജോസഫും ചൂണ്ടിക്കാട്ടി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ഇരുവരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രദേശത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശത്തുനിന്ന് ആരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കില്ല. സ്വയം ഒഴിഞ്ഞുപോവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it